ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തിയത് ദുരൂഹത ഉയർത്തുന്നു. ഇന്ന് രാവിലെ എറണാകുളം - ആലപ്പുഴ മെമു ട്രെയിൻ ട്രാക്കിൽ നിന്ന് യാർഡിലേക്ക് മാറ്റിയ ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.(Human foot found on Alappuzha railway track, DNA test to be conducted)
ഇന്ന് രാവിലെ 9 മണിയോടെ എറണാകുളത്ത് നിന്ന് ആലപ്പുഴയിലെത്തിയ മെമു ട്രെയിൻ യാർഡിലേക്ക് മാറ്റിയ ശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാൽ ഭാഗം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹ ഭാഗത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പ്രാഥമികമായി കരുതുന്നത്.
റെയിൽവേ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ച് കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയ ശേഷം ഇവിടെ വീണതാകുമോയെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ഈ മെമു ട്രെയിൻ ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും, തുടർന്ന് കോട്ടയം, ഷൊർണ്ണൂർ, എറണാകുളം വഴിയും സർവീസ് നടത്തുന്നതാണ്.
വിവിധ ജില്ലകളിലൂടെ കടന്നുപോകുന്ന ട്രെയിൻ ആയതിനാൽ മറ്റേതെങ്കിലും ജില്ലയിൽ വെച്ച് അപകടം നടന്നിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കും. റെയിൽവേ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ട്രാക്കിൽ മൃതദേഹത്തിന്റെ മറ്റ് ഭാഗങ്ങൾ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കും. മരിച്ചയാളെ തിരിച്ചറിയുന്നതിനായി ഡി.എൻ.എ. പരിശോധനയടക്കം നടത്തുമെന്ന് പോലീസ് അറിയിച്ചു.