
കണ്ണൂർ : കണ്ണൂരിൽ പൂട്ടി കിടന്ന വീടിന് സമീപത്ത് നിന്നും മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. പ്രവാസിയായ ബിജുവിന്റെ ഒരു വർഷമായി പൂട്ടി കിടക്കുന്ന വീടിന് സമീപത്താണ് മനുഷ്യന്റെ തലയോട്ടിയുടെയും കൈ കാലുകളുടെയും അസ്ഥികൾ കണ്ടെത്തിയത്.
അടുത്ത ആഴ്ച ബിജുവും കുടുംബവും നാട്ടിലേക്ക് വരുന്നതിന് മുന്നോടിയായി വീടും പരിസരവും വൃത്തിയാക്കാൻ ജോലിക്കാരെ ഏൽപ്പിച്ചിരുന്നു. കാട് വെട്ടിത്തെളിക്കുന്നതിനിടെ ശനിയാഴ്ച വീടിന്റെ പുറകുവശത്തായി പല ഭാഗങ്ങളിലായാണ് അസ്ഥി കണ്ടെത്തിയത്.
സമീപത്തായി പഴകിയ കാവി മുണ്ടും ട്രൗസറും ഷർട്ടും കിടപ്പുണ്ട്. തൊഴിലാളികൾ ആലക്കോട് പൊലീസിൽ വിവരമറിയിച്ചു. നാളെ രാവിലെ കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ധർ ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തും.സ്ഥലത്ത് പൊലീസ് പരിശോധന നടത്തും.