മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി കെ.ടി. ജലീൽ എംഎൽഎ. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദോത്തി ചലഞ്ചിൽ വൻ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
കെ.ടി. ജലീലിന്റെ ഫേസ്ബുക്കിന്റെ പൂർണ രൂപം....
ദോത്തി ചാലഞ്ചി"ലെ കള്ളക്കളി!
മുസ്ലിം യൂത്ത്ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച "ദോത്തി ചാലഞ്ചി" വൻ തട്ടിപ്പാണ് നടന്നിരിക്കുന്നത്. 600 രൂപ സംഭാവന നൽകുന്നവർക്ക് യൂത്ത് ലീഗ് നൽകുന്ന "ഗിഫ്റ്റായാണ്" രാംരാജിൻ്റെതെന്ന ലാബലിൽ തുണി നൽകിയത്. തുണിയുടെ മുകളിൽ MRP-യായി 720 രൂപയുടെ സ്റ്റിക്കറാണ് ഒട്ടിച്ചിരിക്കുന്നത്. സാധരണ ഗിഫ്റ്റ് കൊടുക്കുമ്പോൾ ആരും വില പതിച്ച സ്റ്റിക്കർ ഒട്ടിക്കാറില്ല. 600 രൂപ സംഭാവന നൽകുമ്പോൾ 720 രൂപക്കുള്ള ഒരു "ഗിഫ്റ്റ്" കിട്ടുന്നു എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനല്ലാതെ മറ്റെന്തിനാണിത്? ഇത് തികഞ്ഞ വഞ്ചനയാണ്.
2,72,000 ദോത്തികളാണത്രെ വിതരണം ചെയ്തത്. അങ്ങിനെ വരുമ്പോൾ മൊത്തം 16 കോടി 32 ലക്ഷം രൂപയാണ് സമാഹരിച്ചിട്ടുണ്ടാവുക. ഇത്രയധികം തുണി വാങ്ങുമ്പോൾ ഒന്നിന് 200 രൂപയിൽ താഴെയേ വരൂ എന്നാണ് തുണിയുടെ നിലവാരം പരിശോധിച്ചവർ പറയുന്നത്. 200 രൂപ കൂട്ടിയാൽ 5 കോടി 44 ലക്ഷം രൂപയാണ് കമ്പനിക്ക് കൊടുത്തിട്ടുണ്ടാവുക. ബാക്കി ഏതാണ്ട് 10 കോടി 88 ലക്ഷം രൂപ യൂത്ത് ലീഗിന് ലഭിച്ചിട്ടുണ്ടാകും.
ഈ പത്ത് കോടി 88 ലക്ഷത്തിൽ എത്ര കോടി യൂത്ത് ലീഗിന് കിട്ടി? എത്ര കോടി നാട്ടിലിരുന്ന് ദുബായിലെ ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിംഗ് കമ്പനിയിൽ പാർടൈം ജോലി ചെയ്ത് മാസം അഞ്ചേകാൽ ലക്ഷം രൂപ പ്രതിഫലം പറ്റുന്ന മായാവിയായ യൂത്ത്ലീഗ് സെക്രട്ടറി ഫിറോസ് മുക്കി? ഇതറിയാൻ ഒരു വഴിയേ ഉള്ളൂ. രാംരാജിൽ നിന്ന് യൂത്ത് ലീഗിന് കിട്ടിയ ജി.എസ്.ടി അടച്ച ബില്ല് പുറത്തുവിടുക.
തുണിയുടെ QR കോഡ് സകാൻ ചെയ്ത് നോക്കിയപ്പോൾ ഒന്നും വരുന്നില്ല. അതുകൊണ്ടാണ് പാക്കറ്റ് പൊട്ടിക്കാത്ത ദോത്തി ചാലഞ്ചിലെ തുണിയും അതിൻമേൽ പതിച്ച സ്റ്റിക്കറിൽ പതിച്ച QR കോഡും സംശയാലുക്കൾക്കായി സമർപ്പിക്കുന്നത്.
100 രൂപയുടെ വ്യത്യാസം വന്നാൽ 2 കോടി 72 ലക്ഷം രൂപയാണ് വരിക. ദോത്തി ചാലഞ്ചിലേയും, കത്വ ഫണ്ടിലേയും കോടികളാണോ സ്വദേശത്തും വിദേശത്തും ഫിറോസിന് പങ്കാളിത്തമുള്ള കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ടാവുക? കൂടുതൽ വിവരങ്ങൾ തേടാൻ രാംരാജിൻ്റെ കമ്പനിയിലും, കേന്ദ്ര-സംസ്ഥാന GST ഓഫീസുകളിലും അന്വേഷിക്കുന്നുണ്ട്. IT വകുപ്പിന് നാളെ തെളിവുകൾ സഹിതം പരാതി നൽകുകയും ചെയ്യും. തുണി എത്തിച്ചു തന്ന് സഹായിച്ച യൂത്ത്ലീഗ് പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ!!! കവർ പൊട്ടിക്കാത്ത ദോത്തിയും അതിൻമേലുള്ള QR കോഡുമാണ് ഇമേജിൽ കൊടുത്തി റിക്കുന്നത്.