കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വൻ മുന്നേറ്റം: ലാഭത്തിൽ 14 പുതിയ കമ്പനികൾ | Profit

32 പൊതുമേഖലാ സ്ഥാപനങ്ങൾ സുരക്ഷാ ഓഡിറ്റ് നടപ്പാക്കിയതായും അവലോകനത്തിൽ വ്യക്തമായി.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വൻ മുന്നേറ്റം: ലാഭത്തിൽ 14 പുതിയ കമ്പനികൾ | Profit
Published on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ മികച്ച സാമ്പത്തിക മുന്നേറ്റം കൈവരിച്ചതായി സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ നടന്ന അർദ്ധ വാർഷിക അവലോകന റിപ്പോർട്ടിലാണ് ഈ നേട്ടങ്ങൾ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള 48 സ്ഥാപനങ്ങളിൽ 27 എണ്ണം ലാഭത്തിലാണ് പ്രവർത്തിക്കുന്നത്.(Huge progress for public sector enterprises in Kerala, 14 new companies in profit)

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്, പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലേക്ക് പ്രവേശിച്ചു. ഇതോടെ അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം 9-ൽ നിന്ന് 17 ആയി ഉയർന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് ₹2299 കോടിയിൽ നിന്ന് 9.07 ശതമാനം വർധിച്ച് ₹2440.14 കോടി ആയി. 32 സ്ഥാപനങ്ങൾ വിറ്റുവരവ് വർദ്ധിപ്പിച്ചു. ആകെ പ്രവർത്തന ലാഭം ₹27.30 കോടിയാണ്. പ്രവർത്തന ലാഭത്തിൽ മാത്രം ₹82.09 കോടി രൂപയുടെ വർദ്ധനവുണ്ടായി.

ഈ മുന്നേറ്റത്തിൽ ഏറ്റവും അധികം പ്രവർത്തന ലാഭം ഉണ്ടാക്കിയത് ചവറയിലെ കെ.എം.എം.എൽ ആണ്. ₹4548.64 ലക്ഷം രൂപയാണ് കെ.എം.എം.എൽ നേടിയ പ്രവർത്തന ലാഭം. കഴിഞ്ഞ വർഷം നേരിട്ട നഷ്ടം മറികടന്നുകൊണ്ട് കെൽട്രോൺ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. ₹1268.20 ലക്ഷം രൂപ പ്രവർത്തന ലാഭം നേടിയ കെൽട്രോൺ, ആയിരം കോടിയിലധികം വിറ്റുവരവും നേടി. കെൽട്രോൺ ഇ.സി.എൽ ₹1184.59 ലക്ഷം പ്രവർത്തന ലാഭം കൈവരിച്ചു. പ്രതിരോധ മേഖല, എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, നിർമ്മിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യ എന്നിവയിൽ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച പൊതുമേഖലാ സ്ഥാപനമായി കെൽട്രോൺ മാറുകയും, ഐ.എൻ.എസ്. തമാൽ യുദ്ധക്കപ്പൽ നിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കുകയും ചെയ്തു.

കെ.എം.എം.എൽ., കെൽട്രോൺ, കെൽട്രോൺ ഇ.സി.എൽ., ടി.സി.സി., കയർ കോർപ്പറേഷൻ, കെ.എസ്.ഐ.ഇ., ടെൽക്ക്, കയർഫെഡ്, ഫോം മാറ്റിങ്സ്, സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളാണ് നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പ്രധാന സ്ഥാപനങ്ങൾ.

കെ.എ.എൽ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് സംയുക്ത സംരംഭവുമായി പ്രവേശിച്ചു. കെ.എസ്.ഡി.പി ഗുണനിലവാരമുള്ള മരുന്നുകൾ ഉറപ്പുവരുത്തുന്നതിനായി വിപണന കേന്ദ്രം തുറന്നു. ലുലു മാൾ ഉൾപ്പെടെ വിവിധ പ്രീമിയം കേന്ദ്രങ്ങളിൽ വിപണനശാലകൾ തുറന്ന് കയർ കോർപ്പറേഷൻ ലാഭം വർദ്ധിപ്പിക്കുകയും ₹60 ലക്ഷം രൂപയുടെ വിറ്റു വരവ് നേടുകയും ചെയ്തു. കഴിഞ്ഞ ബജറ്റിൽ തൊഴിലാളികളുടെ നിയമപരമായ ബാധ്യതകൾ തീർക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ₹42.50 കോടി രൂപ അനുവദിച്ചിരുന്നു. 32 പൊതുമേഖലാ സ്ഥാപനങ്ങൾ സുരക്ഷാ ഓഡിറ്റ് നടപ്പാക്കിയതായും അവലോകനത്തിൽ വ്യക്തമായി.

Related Stories

No stories found.
Times Kerala
timeskerala.com