

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി (Leptospirosis) ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. കഴിഞ്ഞ 11 മാസത്തിനിടെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്കുകൾ പ്രകാരം 5000-ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും 356 പേർ മരിക്കുകയും ചെയ്തു.(Huge increase in the number of leptospirosis cases in Kerala)
പ്രതിമാസം ശരാശരി 32 പേർ എലിപ്പനി ബാധിച്ച് മരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം രോഗം ബാധിച്ച് മരിച്ച 386 പേരിൽ 207 പേർക്ക് മരണത്തിന് മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നു. ശേഷിക്കുന്ന 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയുമായിരുന്നു. രോഗികളുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിലും പൊതുജനങ്ങളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
മഴക്കാലത്തും വെള്ളക്കെട്ടുള്ള സാഹചര്യങ്ങളിലുമാണ് എലിപ്പനി കൂടുതലായി പടരുന്നത്. മണ്ണിൽ എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുള്ള ലെപ്റ്റോ സ്പൈറോ (Leptospira) എന്ന ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം.
ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെയും രോഗബാധയുണ്ടാകാം. ശക്തമായ തലവേദനയോടും, ശരീരവേദനയോടും കൂടിയ പനിയാണ് പ്രധാന ലക്ഷണം. കഠിനമായ ക്ഷീണം, പേശി വേദന, നടുവേദന, വയറിളക്കം എന്നിവയും രോഗലക്ഷണങ്ങളാണ്. പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടിയാൽ എലിപ്പനിയിൽ നിന്ന് പൂർണമായും രോഗമുക്തി നേടാനാകും.