
ശബരിമല അയ്യപ്പനെ കാണാൻ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിയ്ക്കായി സ്‌കൂളുകൾ അടച്ചതോടെ കുഞ്ഞ് അയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും അനേകമാണ് സന്നിധാനത്തേക്കെത്തുന്നതെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
കുട്ടികൾക്ക് വേണ്ടി പ്രത്യേക വരി ഏർപ്പെടുത്തിയതും, അയ്യപ്പദർശനത്തിന് ഡ്യൂട്ടിയിൽ നിൽക്കുന്ന പൊലീസ്, ഉദ്യോഗസ്ഥരും ദേവസ്വം ബോർഡ് ജീവനക്കാരും സഹായിക്കുന്നതും കുട്ടികളുമായി വരുന്നവർക്ക് ഏറെ സഹായകമാകുന്നുണ്ട്.
പതിനെട്ടാംപടി കയറുന്നതിനിടെ കൂട്ടംതെറ്റി പോകുന്ന കുട്ടികളെ പൊലീസുകാർ സുരക്ഷിതമായി കൂട്ടിക്കൊണ്ടുവന്ന് മുൻനിരയിൽ നിർത്തി ദർശനം ഒരുക്കി രക്ഷിതാക്കൾക്കൊപ്പം ആക്കുന്നതും പിൻനിരയിലൂടെ പെട്ടുപോകുന്ന കുട്ടികളെ പൊലീസുകാർ എടുത്തുയർത്തി അയ്യപ്പദർശനം സാധ്യമാക്കുന്നതും നിത്യകാഴ്ചയാണ്.