കൊല്ലം: കുണ്ടറ സി.പി.ഐ.യിൽ വിഭാഗീയ പ്രശ്നങ്ങളെ തുടർന്ന് വൻ പൊട്ടിത്തെറി. പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 325 പേർ ഉടൻ സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സി.പി.ഐ. സംസ്ഥാന നേതൃത്വത്തെപ്പോലും ധിക്കരിക്കുന്ന ജില്ലാ സെക്രട്ടറി പി.എസ്. സുപാലിൻ്റെ നിലപാടിൽ പ്രതിഷേധിച്ചാണ് വിമതരുടെ ഈ നിർണ്ണായക നീക്കം.
വിഭാഗീയത രൂക്ഷമായത് മണ്ഡലം സമ്മേളനത്തോടെ
കഴിഞ്ഞ ഏപ്രിലിൽ നടന്ന സി.പി.ഐ. മണ്ഡലം സമ്മേളനത്തോടെയാണ് പാർട്ടിക്കുള്ളിലെ വിഭാഗീയത രൂക്ഷമായത്.പുതിയ മണ്ഡലം സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. നിലവിലെ സെക്രട്ടറി ടി. സുരേഷ് കുമാറിന് പകരം എട്ട് തവണ സെക്രട്ടറിയായ ആർ. സേതുനാഥിന്റെ പേര് ജില്ലാ നേതൃത്വം നിർദ്ദേശിച്ചു.പുതിയ 25 അംഗ കമ്മിറ്റിയിലെ 14 പേർ ഇതിനെ എതിർക്കുകയും 10 പേർ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ, ഭൂരിപക്ഷ തീരുമാനം മാനിക്കാതെ തൊട്ടടുത്ത ദിവസം ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗം സേതുനാഥിനെ സെക്രട്ടറിയായി തീരുമാനിച്ചു.ഇതിന് പിന്നാലെ അച്ചടക്ക ലംഘനം ആരോപിച്ച് സുരേഷ് കുമാർ അടക്കം രണ്ട് ജില്ലാ കൗൺസിൽ അംഗങ്ങളെയും ഒരു മണ്ഡലം കമ്മിറ്റി അംഗത്തെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് ജില്ലാ സെക്രട്ടറി
പിന്നീട്, പാർട്ടിയുടെ കൺട്രോൾ കമ്മീഷൻ സസ്‌പെൻഷൻ റദ്ദാക്കുകയും സേതുനാഥിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനും നിർദ്ദേശിച്ചു.
സംസ്ഥാന നേതൃത്വം ഈ നിർദ്ദേശം അംഗീകരിച്ചിട്ടും ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ ഇത് നടപ്പാക്കാത്തതിലുള്ള പ്രതിഷേധമാണ് കൂട്ടരാജിയിലേക്കും സി.പി.എമ്മിലേക്കുള്ള കൂറുമാറ്റത്തിലേക്കും നയിച്ചത്.
കൂറുമാറുന്നവരിൽ പ്രമുഖർ
പാർട്ടി വിടുന്ന 325 പേരിൽ 11 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, മൂന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, 20 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 12 ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു. സി.പി.എം. നേതൃത്വവുമായി ഇവർ ചർച്ചകൾ നടത്തിക്കഴിഞ്ഞെന്നാണ് പുറത്ത് പോകുന്നവരുടെ പക്ഷം.
ജില്ലാ സെക്രട്ടറിയുടെ പ്രതികരണം
വിഷയത്തിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ വിമതർക്കെതിരെ രംഗത്തെത്തി. "ഇവർ ഇപ്പോൾ ആറ് തവണ രാജിവെച്ചതാണ്. ഇനി ഇതിന് പിന്നാലെ പോകാനില്ല," എന്നും, "പാർട്ടി സമ്മേളനം കഴിഞ്ഞപ്പോൾ തന്നെ അവരെ പുറത്താക്കിയിരുന്നെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.