പത്തനംതിട്ട : ശബരിമലയില്‍ വീണ്ടും ഭക്തജന തിരക്കേറി. ഇന്ന് വൈകിട്ട് 4 മണി വരെ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്തിയത് 62503 പേര്. വരും മണിക്കൂറുകളിലും തിരക്ക് കൂടും.പുല്ലുമേടു വഴിഎത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ധിച്ചു.
ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ഇന്ന് ശബരിമലയിലും പമ്പയിലും നിലയ്ക്കലും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബോംബ് സ്കോഡടക്കം സന്നിധാനത്ത് പരിശോധന ശക്തമാക്കി. സംശയാസ്പദമായി കാണപ്പെടുന്നവരെ വിശദമായ പരിശോധനയ്ക്കു ശേഷമാണ് മല ചവിട്ടാന്‍ അനുവദിക്കുന്നത്.
രാത്രി വൈകി എത്തുന്ന ഭക്തർ നടപ്പന്തലിൽ തന്നെ തുടരണം.അടുത്ത ദിവസം മാത്രമേ പതിനെട്ടാം പടി ചവിട്ടാൻ സാധിക്കൂ. ദർശനം നടത്തി ഇറങ്ങുന്ന ഭക്തരുടെ എണ്ണത്തിന് അനുസരിച്ച് ബാച്ചുകളായി തിരിച്ചാണ് വിശ്വാസികളെ മല കയറാൻ അനുവദിക്കുന്നത്.തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് കൂടുതൽ ആളുകൾക്ക് നൽകും. ഞായറാഴ്ച കൂടുതൽ പേർ ദർശനത്തിന് എത്തുമെന്നും തിരക്ക് നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.