ന്യൂഡൽഹി: സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ് ഇന്ത്യയുടെ സ്ഥാപകൻ അജി കൃഷ്ണനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ക്രിമിനൽ കേസുകൾ അട്ടിമറിച്ചെന്ന പരാതിയുമായി മുൻ ജീവനക്കാരൻ (HRDS India Aji Krishnan Allegations). അജി കൃഷ്ണനെതിരെയുള്ള പോക്സോ കേസ് ഒതുക്കിത്തീർക്കാൻ കോടിക്കണക്കിന് രൂപ ചെലവാക്കിയെന്നും ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയെന്നുമാണ് ആരോപണം. എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് എച്ച്ആർഡിഎസ് അധികൃതർ പ്രതികരിച്ചു.
11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ അജി കൃഷ്ണനെതിരെ നിലവിലുള്ള കേസ് അട്ടിമറിക്കാൻ വൻതോതിൽ പണം ഒഴുക്കിയതായി മുൻ ജീവനക്കാരൻ ആരോപിക്കുന്നു. കേസ് അട്ടിമറിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസ് (PMO), ബിജെപി, ആർഎസ്എസ് എന്നിവയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യാജമായി അവകാശപ്പെട്ട് കരാറുകാരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തു. സംഘടനയ്ക്ക് കേന്ദ്ര ഭരണകക്ഷിയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ 25 ലക്ഷം രൂപ ചെലവാക്കി പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ഡയറികളും കലണ്ടറുകളും അച്ചടിച്ച് വിതരണം ചെയ്തതായും പരാതിയിൽ പറയുന്നു.
കോൺട്രാക്ടർമാരെ തെറ്റിദ്ധരിപ്പിച്ചും രാഷ്ട്രീയ സ്വാധീനം വ്യാജമായി നിർമ്മിച്ചും നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. എച്ച്ആർഡിഎസ് എന്ന സന്നദ്ധ സംഘടനയുടെ മറവിൽ നടന്ന ഈ നീക്കങ്ങൾ ഡൽഹി കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്.
അതേസമയം, സംഘടനയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ നീക്കങ്ങളുടെ ഭാഗമാണ് ഈ ആരോപണങ്ങളെന്നാണ് എച്ച്ആർഡിഎസ് പ്രസ്താവനയിലൂടെ അറിയിച്ചത്.
Story Summary:
A former employee has raised serious allegations against the NGO HRDS and its founder, Aji Krishnan. The complaint alleges that crores of rupees were spent to settle a POCSO case involving an 11-year-old girl and that political connections with the PMO, BJP, and RSS were fabricated to defraud contractors. The complainant also highlighted the printing of diaries with the Prime Minister’s photo to mislead people. HRDS has denied all allegations, calling them fabricated.

