
മലയാളികളെ തിരുവോണത്തിലേക്ക് എത്തിക്കുന്ന അത്തം കഴിഞ്ഞുള്ള ഏഴാം നാളാണ് മൂലം. മൂലം നാൾ മുതൽ മലയാളികള്‍ കൂടുതൽ ഓണത്തിരക്കിലേക്ക് കടക്കും. അത്തം തുടങ്ങി കഴിഞ്ഞാൽ ഓരോ ദിവസവും ഇടേണ്ട പൂക്കൾ ശേഖരിക്കുന്നതിന്റെ തിരക്കിലായിരിക്കും പലരും. ഓരോ ദിവസം കഴിയും തോറും പൂക്കളുടെ എണ്ണവും പൂക്കളത്തിന്റെ വട്ടവും കൂടും. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് അത്തപ്പൂക്കളം ഒരുക്കുന്നതെന്നാണ് വിശ്വാസം.
അത്തം തൊട്ട് പത്ത് ദിവസവും പൂക്കളമിടുന്നതിന് ഓരോ പ്രത്യേകതയും രീതിയുമുണ്ട്. ഇതുകൂടാതെ ഓരോ ദിവസവും ഇടുന്ന പൂക്കളുടെ നിറവും വ്യത്യസ്തമായിരിക്കും. എന്നാൽ അത്തം മുതലുള്ള പൂക്കളം ആയിരിക്കില്ല മൂലം നാളിൽ വീട്ടുമുറ്റത്ത് കാണുന്നത്. വൃത്താകൃതിയിൽ നിന്ന് മാറി ചതുരാകൃതിയിലാണ് മൂലം നാളിൽ പൂക്കളം തയ്യാറാക്കുന്നത്.
അതായത്, മൂലം നാളിൽ ഇടുന്ന പൂക്കളം ചതുരാകൃതിയിൽ ആയിരിക്കണം. കൂടാതെെ മൂലം നാളിൽ ഏഴിനം പൂക്കൾ വച്ചാണ് പൂക്കളം തീർക്കുന്നത്. ഇതിൽ വാടാർമല്ലി, തുമ്പ, മുല്ലപ്പൂ, വെള്ള നിറത്തിലുള്ള മറ്റ് പൂക്കൾ, മഞ്ഞ കോളാമ്പി എന്നിവയെല്ലാം പൂക്കളം ഒരുക്കുന്നതിന് എടുക്കുന്നു.