
അത്തം മുതൽ പത്ത് ദിവസം മലയാളികളികൾക്ക് ഉത്സവകാലമാണ്. ഓരോ ദിവസത്തിനും അതിൻ്റേതായ പ്രത്യേകതകളും ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. ഇന്ന് ഓണാഘോഷത്തിലെ ആഞ്ചാം നാളായ അനിഴം ആണ്. അനിഴം ദിനത്തിന് വളരെയധികം പ്രത്യേകതകളുണ്ട്. അത്തപ്പൂക്കളം മുതൽ പലതിനും മാറ്റം കുറിക്കുന്ന ദിവസമാണ് അനിഴം. കൂടാതെ ചരിത്രപ്രസിദ്ധമായ ആറൻമുള ഉത്രട്ടാതി ജലമേളയ്ക്കുള്ള തയ്യാറെടുപ്പുകൾ അനിഴം ദിനത്തിലാണ് ആരംഭിക്കുന്നത്. (Onam 2025)
ഓണത്തിനോടനുബന്ധിച്ച് നടക്കുന്ന ഒരു പ്രധാന ആഘോഷമാണ് ആറന്മുള ഉത്രട്ടാതി ജലമേള. പഴമക്കാർ പറയുന്നതനുസരിച്ച്, തിരുവോണ ദിവസത്തെ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായിക ക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് എല്ലാ കൊല്ലവും ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിൽ ഈ വള്ളംകളി സംഘടിപ്പിക്കുന്നതെന്നാണ്.
അനിഴം ദിനത്തിൽ അഞ്ചുതട്ട് പൂക്കളം
അത്തം തുടങ്ങുന്നത് മുതൽ ഓരോ ദിവസവും ഓരോ രീതിയിലാണ് പൂക്കളം തീർക്കേണ്ടത്. അഞ്ചാം ദിവസമായ അനിഴം നാളിൽ മന്ദാരം, തെച്ചിപ്പൂ, തൊട്ടാവാടി, ചെണ്ടുമല്ലി, കാക്കപ്പൂവ് എന്നിവ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കേണ്ടത്. കൂടാതെ അഞ്ച് തട്ടുകളായാണ് ഈ ദിനത്തിൽ പൂക്കളം തയ്യാറാക്കുന്നത്. പൂക്കളത്തിന് വലിപ്പം കൂടുന്നതുപോലെ അതിൻ്റെ ഭംഗിയും കൂടുന്നു. തൊടിയിലും പറമ്പിലും പുല്ലുകൾക്കിടയിലും കാണപ്പെടുന്ന പൂക്കളാണ് അനിഴം ദിവസം പൂക്കളം ഒരുക്കാൻ എടുക്കേണ്ടതെന്നാണ് വിശ്വാസം. നാടൻ പൂക്കൾ തന്നെയാണ് നാട്ടിൻ പുറങ്ങളിൽ അഞ്ചാ ദിനമായ അനിഴം നാളിൽ പലരും ഉപയോഗിക്കുന്നത്. നാടൻ പൂക്കളുടെ ഭംഗിയും ഐശ്വര്യവും മറ്റൊന്നിനും കിട്ടില്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.