തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും അതുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളും ഉന്നയിച്ച് നിയമസഭയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പയ്യന്നൂരിലെ എം.എൽ.എ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ സി.പി.എം ക്രിമിനൽ സംഘം ക്രൂരമായി മർദ്ദിച്ചെന്ന് അദ്ദേഹം ആരോപിച്ചു.(How can you sit in that chair? VD Satheesan attacks the Chief Minister)
എം.എൽ.എ ഓഫീസിന് മുന്നിൽ ആയുധങ്ങളുമായി നിലയുറപ്പിച്ച സംഘം കോൺഗ്രസ് പ്രവർത്തകരെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ളവർക്ക് പരിക്കേറ്റ ഈ വിഷയം അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞ് തള്ളുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതി ചൂണ്ടിക്കാട്ടുന്ന 'വിസിൽ ബ്ലോവർമാരെ' സംരക്ഷിക്കുമെന്നാണ് സി.പി.എം നയമെന്ന് പറയാറുള്ളത്. എന്നാൽ പയ്യന്നൂരിൽ അഴിമതി പുറത്തുകൊണ്ടുവന്ന സ്വന്തം നേതാവിനെ പുറത്താക്കി സി.പി.എം ഇരട്ടത്താപ്പ് കാട്ടിയിരിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
പോലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ പ്രതികളെ സംരക്ഷിക്കുന്നയാളാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയെന്ന് അദ്ദേഹം ആരോപിച്ചു. "ഇത്രയും അക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്ന നിങ്ങൾക്ക് എങ്ങനെ ആ കസേരയിൽ ഇരിക്കാൻ കഴിയുന്നു?" എന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചു. തന്റെ വീടിന് നേരെ സി.പി.എമ്മും ബി.ജെ.പിയും മാറി മാറി മാർച്ച് നടത്തുകയാണെന്നും വീട്ടിൽ തന്നെ കാണാൻ വന്നവരെപ്പോലും മർദ്ദിക്കുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.
പയ്യന്നൂരിലെ അക്രമങ്ങൾ ജനാധിപത്യ കേരളത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും സഭയിൽ വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥകൾ സി.പി.എം ക്രിമിനലുകൾക്ക് ബാധകമല്ലേയെന്നും പാർട്ടിക്കാരെ ചോദ്യം ചെയ്താൽ കൊന്നുകളയുമെന്ന അവസ്ഥയാണ് കണ്ണൂരിലുള്ളതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.