കോഴിക്കോട് : വടകര കല്ലാമലയിൽ വീട്ടമ്മയെ അടിച്ചു പരുക്കേൽപ്പിച്ച് സ്വർണ മാല കവർന്ന കേസിൽ പ്രതികൾക്ക് കഠിനതടവ്.താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജുൻ(39) വാണിമേൽ കോടിയോറ പടിഞ്ഞാറെ വാഴചണ്ടിയിൽ സന്ദീപ് (36) എന്നിവർക്ക് ഏഴു വർഷം കഠിന തടവും ഒരു ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് സെക്കൻഡ് അഡിഷനൽ സബ് കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്.
2021 ഫെബ്രുവരി 19 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസിലെ ഒന്നാം പ്രതി അർജുൻ കല്ലാമലയിലെ വീട്ടിൽ വന്ന് ഭർത്താവ് രവീന്ദ്രനെപ്പറ്റി വീട്ടമ്മയായ സുലഭയോട് അന്വേഷിച്ചു. ഭർത്താവിന് കോവിഡ് വാക്സിൻ എടുക്കാനായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ എത്തി പേര് റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതുകേട്ട് സുലഭ, വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭർത്താവിനോട് വാക്സിൻ എടുക്കാനായി പഞ്ചായത്തിൽ എത്തണമെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞതായി അറിയിച്ചു.
രവീന്ദ്രൻ തന്റെ സ്കൂട്ടറുമായി പുറത്തേക്ക് പോയ തക്കം നോക്കി വീട്ടിൽ തിരികെ എത്തിയ അർജുൻ വീടിനകത്തു അതിക്രമിച്ച് കയറി ലോഹം കൊണ്ടുള്ള വിഗ്രഹം ഉപയോഗിച്ച് സുലഭയുടെ മുഖത്തടിച്ചു. അടികൊണ്ടു തറയിൽ വീണ സുലഭയുടെ കഴുത്തിൽ നിന്ന് അഞ്ചു പവനോളം തൂക്കം വരുന്ന സ്വർണതാലിമാല ഊരിയെടുത്തു. പിന്നാലെ രണ്ടാം പ്രതിയായ സന്ദീപ് എത്തി സുലഭയെ വീണ്ടും അടിച്ചു. സുലഭ ബോധരഹിതയാക്കുകയായിരുന്നു. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ രണ്ട് പേരും വളരെ ആസൂത്രിതമായാണ് കുറ്റകൃത്യം നടത്തിയത്.