എടക്കര: മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ സാരി ചക്രത്തിൽ കുടുങ്ങി റോഡിൽ വീണ് വീട്ടമ്മ മരിച്ചു. പോത്ത്കല്ല് ഉപ്പട പൊട്ടൻതരിപ്പ ആക്കളത്തിൽ രവീന്ദ്രന്റെ ഭാര്യ പത്മിനിയാണ് (57) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെ ആനക്കല്ല് പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.
ബന്ധുവിനെ കാണാൻ മകനൊപ്പം പോത്തുകല്ല് പനങ്കയത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.സാരി ചക്രത്തിൽ കുടുങ്ങി റോഡിൽ വീണ പദ്മിനിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ ഇവരെ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.