മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച വീട്ടമ്മയുടെ സംസ്കാരം ഇന്ന് | Housewife Died
പാലക്കാട്: ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്യാൻ എത്തിയതിന് പിന്നാലെ ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും(Housewife Died). പട്ടാമ്പി കിഴായൂർ യു.പി സ്കൂളിനു സമീപം കിഴക്കേപ്പുരയ്ക്കൽ ഉദയകുമാറിന്റെ ഭാര്യ ജയ(47)യാണു ജപ്തി നടപടിക്കിടെ തീ കൊളുത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. 80% ൽ അധികം പൊള്ളലേറ്റ ഇവരെ ആദ്യം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു.
2015 ലാണ് ഇവർ ഷൊർണൂർ അർബൻ ബാങ്കിൽ നിന്ന് 2 ലക്ഷം രൂപ വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് നാലേമുക്കാൽ ലക്ഷം രൂപ കുടിശികയായി. ഈ തുക തിരിച്ചു പിടിക്കാൻ കോടതി ഉത്തരവ് സഹിതം ഉദ്യോഗസ്ഥർ ജപ്തി നടപടിയുമായി വീട്ടിലെത്തിയപ്പോഴാണ് ജയ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് പോലീസും പട്ടാമ്പി തഹസിൽദാറും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തി വയ്ക്കുകയായിരുന്നു.

