തിരുവനന്തപുരം: കേരള സ്കൂൾ കായികമേളയിൽ സ്വർണം നേടിയ വീടില്ലാത്ത കായികതാരങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പല കായിക താരങ്ങൾക്കും സ്വന്തമായി വീടില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.(Houses will be provided to 50 homeless gold medalists in the school sports festival, says Minister V Sivankutty)
രണ്ടാമത് സ്കൂൾ ഒളിമ്പിക്സിന്റെ ഓർമ്മ നിലനിർത്തുന്നതിന്റെ ഭാഗമായി 50 വീടുകൾ നിർമ്മിച്ചു നൽകാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഇതിനുള്ള സ്പോൺസർമാരെ ലഭിച്ചതായും മന്ത്രി അറിയിച്ചു.
സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ്. പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി. ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പ്രഖ്യാപിച്ചിരുന്നു. താരത്തെ നേരിൽ കണ്ട് അഭിനന്ദിച്ച ശേഷമായിരുന്നു ഈ പ്രഖ്യാപനം.
ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. 2017-ൽ ആൻസി സോജൻ സ്ഥാപിച്ച 25.13 സെക്കൻഡിന്റെ റെക്കോർഡാണ് ഈ പ്ലസ് ടു വിദ്യാർത്ഥിനി തിരുത്തിയെഴുതിയത്. 100 മീറ്റർ ഓട്ടത്തിലും ദേവനന്ദ സ്വർണ മെഡൽ നേടിയിരുന്നു.