തൃശൂർ: കുന്നംകുളം അക്കിക്കാവിലുണ്ടായ വൻ തീപിടിത്തത്തിൽ നിന്നും ഒരു കുടുംബത്തിലെ ആറുപേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അക്കിക്കാവ് തറമേൽ മാധവന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.(House catches fire, Family of six miraculously escapes)
പ്രായമായവർ ഉൾപ്പെടെ ആറുപേരാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ അടുക്കള ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വലിയ ദുരന്തം ഒഴിവായി.
നിമിഷങ്ങൾക്കുള്ളിൽ തീ വീട് മുഴുവൻ വ്യാപിച്ചു. നാട്ടുകാർ ഉടൻ തന്നെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായി ആളിപ്പടരുകയായിരുന്നു. കുന്നംകുളത്ത് നിന്നും ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.