കോഴിക്കോട് : കോഴിക്കോട് ചേവരമ്പലത്ത് രണ്ടാഴ്ചക്കിടെ വീണ്ടും മോഷണം. ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തി തുറന്ന് 40 പവന്‍റെ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും മോഷ്ടിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്ന് പുലർച്ചെയോടെ ആയിരുന്നു മോഷണമെന്ന് പൊലീസ് പറയുന്നു. കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഗായത്രി സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയതിനാല്‍ ഈ മാസം 11-ാം തീയതി മുതല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയിലും മേശയിലും സൂക്ഷിച്ച 40 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാൾ വിദഗ്ധമായി മോഷ്ടിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
രണ്ടാഴ്ചക്കിടെ ചേവായൂർ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന രണ്ടാമത്തെ വലിയ മോഷണമാണിത്. കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു വീട്ടില്‍ നിന്ന് 25 പവര്‍ സ്വര്‍ണം മോഷണം പോയിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കവേയാണ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം റിപ്പോര്‍ട്ട് ചെയ്തത്.