റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർക്കുന്നിലെ ഒഴിഞ്ഞ കരിങ്കൽ ക്വാറിയിൽ കോഴിക്കോട് ഭാഗത്തുനിന്നും കൊണ്ടുവന്ന ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെ തള്ളി. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ നാട്ടുകാർ രംഗത്ത് വരികയും പഞ്ചായത്ത് ജനപ്രതിനിധികളും പോലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തുകയും ഉടൻ തന്നെ മാലിന്യങ്ങൾ മാറ്റാൻ മാലിന്യം തള്ളിയവരോട് ആവശ്യപ്പെടുകയും ചെയ്തതായി പുളിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
മാലിന്യങ്ങൾ തള്ളിയ പ്രധാന ഏജന്റിന് ഒരു ലക്ഷം രൂപയും സ്ഥലം ഉടമക്ക് അമ്പതിനായിരം രൂപയും മാലിന്യങ്ങൾ ഇവിടേക്ക് കൊണ്ടുവന്ന ടോറസ് ടിപ്പർ ഉടമക്ക് അമ്പതിനായിരം രൂപയും ഫൈൻ നൽകാൻ തീരുമാനിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ആന്തിയൂർക്കുന്നിലെ കോളനിയിലേക്ക് കൊണ്ടുപോകുന്ന ജലനിധി കുടിവെള്ള പദ്ധതിയുടെ സമീപത്താണ് ഈ മാലിന്യങ്ങൾ തള്ളിയത്. 50 ഓളം വരുന്ന കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിക്ക് സമീപത്ത് ക്വാറിയിലെ വെള്ളക്കെട്ടിൽ ആണ് മാലിന്യങ്ങൾ തള്ളിയിട്ടുള്ളത്.
ആന്തിയൂർക്കുന്ന് ചെമ്പാട്ടപ്പാറ റോക്ക് വ്യൂ ഓഡിറ്റോറിയത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ക്വാറിയിൽ നൂറുകണക്കിന് ലോഡ് ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ പ്രതിഷേധം ഉണ്ടായി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ നിരവധി കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കാനും ആരോഗ്യത്തിന് ഹാനികരമാകാണും ഇടയുള്ള ഇത്തരം പ്രവൃത്തി ചെയ്തവരെയും അതിന് കൂട്ടുനിന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് പ്രദേശത്ത് ശക്തമായ പ്രതിഷേധം നടന്നത്.