
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കുമെന്ന് പ്രതീക്ഷയെന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. നടിമാരുടെ ഒരു പരാതിയും തന്റെ അറിവിൽ ഇതുവരെ രാജ്ഭവന് കിട്ടിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
അതേസമയം, നേരത്തെ രാജ്ഭവനിലെ മുൻ ജീവനക്കാരൻ്റെ സിനിമയിൽ അഭിനയിച്ചിട്ട് പണം കിട്ടിയില്ല എന്ന നടി സോണിയ മൽഹാറിൻ്റെ ആരോപണത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. ഏതുവിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത് എന്ന് അറിയില്ലെന്നും രാജ്ഭവനിലെ ജീവനക്കാരനെതിരെയും സമാനമായ ആരോപണം ഉണ്ടായി എന്നത് ഖേദകരമാണെന്നായിരുന്നു ഗവർണർ പറഞ്ഞത്. ധൈര്യപൂർവ്വം നടിമാർ മുന്നോട്ട് എത്തുന്നത് സ്വാഗതാർഹമാണ്. പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞത് വിശ്വസിക്കാനാണ് നിലവിൽ താൽപര്യമെന്നും ഗവർണർ പറഞ്ഞിരുന്നു.