ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളുടെ സമ്പൂർണ വിവരങ്ങൾ |Pinarayi Vijayan

പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും.
pinarayi vijayan
Published on

തിരുവനന്തപുരം : തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി വൻ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി.ഇതിനായി 13,000 കോടി നീക്കിവെക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍.

ആശാ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം പ്രതിമാസം ആയിരം രൂപ കൂട്ടി.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കും.സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളല്ലാത്ത ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാ മാസവും സാമ്പത്തിക സഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 35 മുതല്‍ 60 വയസുവരെയുള്ള മഞ്ഞകാര്‍ഡ്, പിങ്ക് കാര്‍ഡ് എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കും.പ്രതിവര്‍ഷം 3800 കോടി രൂപ ഈ പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിടും.

യുവതലമുറയ്ക്ക് കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് നടപ്പാക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ സ്റ്റൈപ്പന്‍ഡ് അല്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി ആരംഭിക്കും. പ്രതിവര്‍ഷ കുടുംബ വരുമാനം ഒരുലക്ഷത്തില്‍ താഴെയുള്ള പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി എന്നീ പഠനങ്ങള്‍ക്കു ശേഷം വിവിധ നൈപുണ്യ കോഴ്‌സുകളില്‍ പഠിക്കുന്നവരോ വിവിധ ജോലി-മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയ 18-30 വയസ്സുള്ളവര്‍ക്ക് പ്രതിമാസം ആയിരംരൂപ ധനസഹായം നല്‍കും. കണക്ട് ടു വര്‍ക്ക് എന്ന ഈ പദ്ധതിയില്‍ അഞ്ചുലക്ഷം പേര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 600 കോടി രൂപ ചെലവിടേണ്ടിവരും.

സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയായി വര്‍ധിപ്പിക്കും. ഇതുവരെയുള്ള കുടിശിക നല്‍കും. പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വര്‍ധിപ്പിക്കും. റബര്‍ കര്‍ഷകര്‍ക്കു നല്‍കിവരുന്ന റബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍നിന്ന് 200 രൂപയാക്കി ഉയര്‍ത്തും. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നെല്ലിന്റെ സംഭരണ വില 28.20ല്‍നിന്ന് 30 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു.ഈ തീരുമാനങ്ങളെല്ലാം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com