തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 200 ദിവസത്തിലേറെയായി സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം ₹1,000 വർധിപ്പിച്ചതിൽ ആഹ്ലാദപ്രകടനം നടത്താൻ സിഐടിയു (CITU) നേതാക്കളുടെ ആഹ്വാനം. സിഐടിയുവിൻ്റെ ആശാ യൂണിയൻ ജില്ലാ നേതാക്കളാണ് എല്ലാ ഏരിയാ കമ്മിറ്റികളും ആഹ്ലാദ പ്രകടനം നടത്തണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിർദേശം നൽകിയത്.(Honorarium hike for ASHA workers, CITU moves to get credit; Voice message out)
വർധനവിൻ്റെ പശ്ചാത്തലത്തിൽ എല്ലാ ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തണം, ഓരോ പി.എച്ച്.സി.കളിലും (PHC) മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ചിത്രം വെച്ച് ഫ്ലെക്സ് സ്ഥാപിക്കണം, അതിന് എത്ര രൂപ കൈയിൽനിന്നു പോയാലും ചെയ്‌തേ പറ്റൂ എന്നും നേതാക്കൾ നിർദേശിക്കുന്നു. ഇതിൻ്റെ ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
ഓണറേറിയം വർധിപ്പിക്കാൻ ആവശ്യപ്പെടില്ലെന്ന് പറയുകയും സമരക്കാരെ ആക്ഷേപിക്കുകയും ചെയ്ത സിഐടിയു ആണ് ഇപ്പോൾ വർധനവിൻ്റെ ക്രെഡിറ്റ് അവകാശപ്പെടാൻ ശ്രമിക്കുന്നതെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
ഓണറേറിയം വർധിപ്പിച്ചു തരേണ്ടത് ആരാണെന്ന് മുഖ്യമന്ത്രിക്ക് അടക്കം ബോധ്യപ്പെട്ടത് ആശാ സമരത്തിൻ്റെ വിജയമാണ്. യഥാർഥത്തിൽ സർക്കാർ ആശമാർക്ക് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാർ അല്ല എന്ന് പറഞ്ഞവർ തന്നെയാണ് ഇപ്പോൾ വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണറേറിയം വർധിപ്പിക്കാൻ സിഐടിയു ആവശ്യപ്പെടില്ലെന്നാണ് നേരത്തേ എളമരം കരീം അടക്കമുള്ള നേതാക്കൾ പറഞ്ഞിരുന്നത്. സമരം ചെയ്യുന്നവരെ 'നാണമില്ലാതെ വന്നിരിക്കുന്നു' എന്ന് ആക്ഷേപിച്ചവരാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ചിത്രം വെച്ചുള്ള ഫ്ലെക്സ് വെക്കാൻ നിർദേശിക്കുന്നതെന്നും സമരസമിതി നേതാവ് എം.എ. ബിന്ദു വിമർശിച്ചു.