'സ്വകാര്യ ബസുകളുടെ ഹോൺ അടി പൊതു ശല്യം, വിദേശത്ത് ആയിരുന്നെങ്കിൽ വെടി വച്ച് കളയും': ഗതാഗത മന്ത്രി | Private buses

ആദ്യമെത്താനുള്ള മരണപ്പാച്ചിലാണ് സ്വകാര്യ ബസുകൾ നടത്തുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്
Honking of private buses is a public nuisance, says Minister KB Ganesh Kumar
Published on

കൊല്ലം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ ഹോൺ അടിക്കും മരണപ്പാച്ചിലിനുമെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. സ്വകാര്യ ബസുകളുടെ ഹോൺ അടി പൊതു ശല്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.(Honking of private buses is a public nuisance, says Minister KB Ganesh Kumar)

"വിദേശത്തൊക്കെയാണെങ്കിൽ ഈ ഹോൺ അടി കേട്ട് ദേഷ്യം വരുന്നവർ തോക്കെടുത്ത് വെടിവെച്ച് കളയും," എന്ന് മന്ത്രി പറഞ്ഞു. ആദ്യമെത്താനുള്ള മരണപ്പാച്ചിലാണ് സ്വകാര്യ ബസുകൾ നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെയും മന്ത്രി ഗണേഷ് കുമാർ വെല്ലുവിളിച്ചു. എത്ര വേണമെങ്കിലും പണിമുടക്ക് നടത്തിക്കോളൂ. സ്വകാര്യ ബസ് പണിമുടക്കുള്ള റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തും. പണിമുടക്കിനെ നേരിടാൻ ആവശ്യത്തിനുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ ഇന്നലെ രാത്രി തന്നെ കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. ബസ് സർവീസ് അവശ്യ സർവീസാണ്. യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ ആരെയും അനുവദിക്കില്ല. പണിമുടക്കുന്ന ബസുകളുടെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും നിയമനടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്ന് നേരിട്ട ദുരനുഭവത്തിലും ഗതാഗത മന്ത്രി ശക്തമായി പ്രതികരിച്ചു. "മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമാണ്," എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മോട്ടോർ വാഹനവകുപ്പ് കർശന നടപടി സ്വീകരിക്കും. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും. അപമര്യാദ കാണിച്ച ഡ്രൈവർമാർക്കും ഒത്താശചെയ്ത പോലീസുകാർക്കും എതിരെ നടപടിയുണ്ടാകും. അനധികൃതമായും സമയം തെറ്റിച്ചും ഓടുന്ന വാഹനങ്ങൾ പിടികൂടുമെന്നും മന്ത്രി അറിയിച്ചു.

യാത്രയ്ക്ക് ഓൺലൈൻ ടാക്സി വിളിച്ച മുംബൈ സ്വദേശിനിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ വീഡിയോവിൽ നിന്ന് പ്രതികളെ തിരിച്ചറിയുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com