മലപ്പുറം : ഹണിട്രാപ്പിൽപെടുത്തി ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയും ഭർത്താവുമടക്കം നാല് പേർ അറസ്റ്റിൽ. പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിൽ സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീൺ, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ സാബു ഒളിവിലാണ്.
2024 നവംബറിലാണ് രതീഷിനെ ഇവർ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദനം. ഇതിനു പിന്നാലെ രതീഷ് ജീവനൊടുക്കുകയായിരുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. എടക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്.
രതീഷിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴികൾ രേഖപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് രതീഷ് ഹണി ട്രാപ്പിന് ഇരയായതായി സൂചന ലഭിച്ചത്. രതീഷും സിന്ധുവും ബന്ധുക്കളും സഹപാഠികളുമായിരുന്നു. സിന്ധു പലപ്പോഴായി പല ആവശ്യങ്ങൾ പറഞ്ഞ് രതീഷിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. രതീഷിൽ നിന്നും കൂടുതൽ പണം തട്ടിയെടുക്കാനും സിന്ധുവും ഭർത്താവ് ശ്രീരാജും ചേർന്ന് പദ്ധതി തയ്യാറാക്കി. സഹായത്തിനായി മഹേഷിനേയും പ്രവീണിനേയും കൂടെ കൂട്ടി. രതീഷ് നാട്ടിലെത്തിയ സമയത്ത് സിന്ധു പണം തിരികെ നൽകാമെന്ന് പറഞ്ഞ് രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്ന വീഡിയോ പകർത്തി.
വീട്ടിൽ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേർന്ന് നഗ്നനാക്കി. വിവസ്ത്രനായി നിൽക്കുന്ന രതീഷിനൊപ്പം യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. 2 ലക്ഷം രൂപയാണ് ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടത്. പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ആ ഫോട്ടോ രതീഷിന്റെ സ്കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാർക്കും അയച്ചുനൽകി. ഇതോടെ മാനസിക സമർദ്ധത്തിലായ രതീഷ് ആത്മഹത്യ ചെയ്യുകായിരുന്നു.