കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിനിടെ ഹോം ഗാർഡിനെ മിനി ലോറി ഇടിച്ചുതെറിപ്പിച്ചു. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ടി.ജെ. ഷാജിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ കോരങ്ങാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം.(Home Guard hit by mini lorry, Driver in custody)
സ്കൂൾ സമയത്ത് വിദ്യാർത്ഥികൾക്ക് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കാനായി വാഹനങ്ങൾ നിയന്ത്രിക്കുകയായിരുന്നു ഷാജി. ഈ സമയം അമിതവേഗത്തിലെത്തിയ മിനി ലോറി ഷാജിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറി അമിതവേഗതയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.