കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് ഭരണമുറപ്പിച്ചു. മില്ലി മോഹൻ കൊട്ടാരത്തിൽ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നാടകീയ നീക്കങ്ങളിലൂടെയാണ് യുഡിഎഫ് കൈക്കലാക്കിയത്.(Historic victory for UDF in Kozhikode district panchayat)
ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫിന് ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. എൽഡിഎഫിന് വടകര ബ്ലോക്ക് ഭരണം നഷ്ടമായി. യുഡിഎഫ്-ആർഎംപി സഖ്യമായ ജനകീയ മുന്നണിയാണ് ഇവിടെ അധികാരം പിടിച്ചത്. വോട്ടെടുപ്പിനിടെ എൽഡിഎഫ് ഘടകകക്ഷിയായ ആർജെഡി (RJD) അംഗത്തിന് വോട്ട് മാറിപ്പോയതാണ് എൽഡിഎഫിന് വിനയായത്.
കാൽനൂറ്റാണ്ടുകാലത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു. 25 വർഷത്തിന് ശേഷമാണ് യുഡിഎഫ് ഇവിടെ അധികാരത്തിലെത്തുന്നത്. അതേസമയം, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഭരണം നിലനിർത്താൻ എൽഡിഎഫിന് സാധിച്ചു.
നറുക്കെടുപ്പ് നടന്ന നാല് ഗ്രാമപഞ്ചായത്തുകളിൽ ഫലം തുല്യമായി പങ്കിട്ടു. നന്മണ്ട, കോട്ടൂർ ഗ്രാമപഞ്ചായത്തുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. മൂടാടി പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി. കൂടാതെ യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന തിരുവള്ളൂർ പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു.