ചരിത്ര മുന്നേറ്റം: കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്

ചരിത്ര മുന്നേറ്റം: കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്
Published on

സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാൻസർ മരുന്നുകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ 'സീറോ പ്രോഫിറ്റായി' കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കാരുണ്യ ഫാർമസികളിലെ 'കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്' പ്രത്യേക കൗണ്ടർ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 29ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്ക് കാരുണ്യ ഫാർമസിയിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

വിലകൂടിയ കാൻസർ മരുന്നുകൾ ജനങ്ങൾക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലെ കാരുണ്യ സ്പർശം കൗണ്ടറുകൾ വഴിയാണ് ഉയർന്ന വിലയുള്ള ആന്റി കാൻസർ മരുന്നുകൾ ലഭ്യമാക്കുക. 247 ബ്രാൻഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടർ വഴി ലഭ്യമാക്കുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com