

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം. 2025 ഡിസംബർ 1-നാണ് 9.72 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ നേടിയത്. ടിക്കറ്റിതര വരുമാനം ഉൾപ്പെടെ മൊത്തം 10.5 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് ആകെ നേടാനായത്.(Historic achievement for KSRTC, Second highest daily ticket revenue)
2025 സെപ്റ്റംബർ 8-ാം തീയതി നേടിയ 10.19 കോടിയാണ് കെ.എസ്.ആർ.ടി.സി.യുടെ എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനം. കഴിഞ്ഞ വർഷം ഇതേ ദിവസം ₹7.79 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.
കെ.എസ്.ആർ.ടി.സി.യുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. കെ.എസ്.ആർ.ടി.സി. നിശ്ചയിച്ചു നൽകിയിരുന്ന പ്രതിദിന ടാർജറ്റ് 35 ഡിപ്പോകൾക്ക് നേടാനായത് വരുമാനം വർദ്ധിപ്പിച്ചു. പുതിയ ബസുകളുടെ വരവ്, ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കാനായത്, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങൾ എന്നിവ യാത്രക്കാർക്ക് വൻ സ്വീകാര്യത നേടി.
കെ.എസ്.ആർ.ടി.സി.യുടെ ഈ അഭിമാനകരമായ നേട്ടത്തിനായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും, വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ ഓരോരുത്തരോടും നന്ദി അറിയിക്കുന്നതായി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അഭിപ്രായപ്പെട്ടു.