

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാ ലോകം കാത്തിരുന്ന ആ മഹാസംഗമം യാഥാർത്ഥ്യമാകുന്നു. തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയും മലയാളത്തിന്റെ അഭിമാനം മോഹൻലാലും ആദ്യമായി ഒരു ചിത്രത്തിനായി കൈകോർക്കുന്നു. 'ഡാക്കു മഹാരാജ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോബി കൊല്ലി സംവിധാനം ചെയ്യുന്ന 'മെഗാ 158' (താത്കാലിക നാമം) എന്ന ചിത്രത്തിലാണ് ഈ സൂപ്പർതാര സംഗമം നടക്കുന്നത്.
കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു മാസ് ഗ്യാങ്സ്റ്റർ ഡ്രാമയാണിത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെയും സംഘർഷങ്ങളുടെയും കഥ പറയുന്ന ചിത്രത്തിൽ അതീവ നിർണ്ണായകമായ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.വൻ വിജയമായ 'വാൾട്ടർ വീരയ്യ'യ്ക്ക് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
2026-ൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2027-ൽ തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
മോഹൻലാൽ നായകനായ 'ലൂസിഫർ' തെലുങ്കിൽ 'ഗോഡ് ഫാദർ' ആയി റീമേക്ക് ചെയ്തപ്പോൾ ചിരഞ്ജീവിയാണ് ആ വേഷം ചെയ്തത്. തെലുങ്കിൽ 'ജനത ഗ്യാരേജ്', 'മനമന്ത' എന്നീ ചിത്രങ്ങളിലൂടെ മോഹൻലാൽ ഇതിനോടകം തന്നെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട്.
'വൃഷഭ' റിലീസ് അപ്ഡേറ്റ്: മോഹൻലാൽ നായകനായി എത്തുന്ന മറ്റൊരു വമ്പൻ തെലുങ്ക്-മലയാളം ചിത്രം 'വൃഷഭ' റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബർ 25-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇതിഹാസ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.