

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹിമവൽ ഭദ്രാനന്ദ. വെള്ളാപ്പള്ളി നടേശൻ ഒരു 'മാൻഡ്രേക്ക്' ആണെന്നും ഇടതുപക്ഷത്തെയും കൊണ്ടേ അദ്ദേഹം പോകൂ എന്നും ഭദ്രാനന്ദ പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന് വെള്ളാപ്പള്ളിയെ ഭയമാണോ എന്ന് താൻ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. "ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എന്നാൽ വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അദ്ദേഹം ഭയപ്പെടുന്നുണ്ടോ എന്ന് സംശയമുണ്ട്," ഭദ്രാനന്ദ കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളി നടേശന്റേത് കപട സമുദായ സ്നേഹമാണെന്നും തനിക്കെതിരെ ചോദ്യങ്ങൾ ഉയർത്തുന്നവരെ അദ്ദേഹം ദ്രോഹിക്കുകയാണെന്നും ഭദ്രാനന്ദ ആരോപിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണ് വെള്ളാപ്പള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. താൻ മാധ്യമപ്രവർത്തകനെ 'മതതീവ്രവാദി' എന്ന് വിളിച്ചിട്ടില്ലെന്നും, തീവ്രമായി സംസാരിക്കുന്ന വ്യക്തി എന്ന അർത്ഥത്തിലാണ് 'തീവ്രവാദി' എന്ന് പ്രയോഗിച്ചതെന്നുമാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം.