കൊച്ചി: ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർത്ഥിനിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ് അറിയിച്ചു. കൊച്ചി പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസിലാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കുട്ടി മുൻ സ്കൂൾ വിടാൻ തീരുമാനിച്ചത്.(Hijab controversy, student has been joined to a new school)
"തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകൾ എത്തി," എന്ന് രക്ഷിതാവ് ഫേസ്ബുക്കിൽ കുറിച്ചു.
ഹിജാബ് വിഷയത്തിൽ സ്കൂളും വിദ്യാർത്ഥിനിയുടെ പിതാവും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു.
വിഷയത്തിലെ തുടർനടപടികൾ അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. ഇതനുസരിച്ചാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. വിഷയത്തിൽ ഭരണഘടന അവകാശങ്ങളുടെ ലംഘനം നടന്നു എന്നും കുട്ടിയുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടതായും നേരത്തെ വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ നിലപാട് അറിയിച്ചിരുന്നു.
അതേസമയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും, എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും സ്കൂളിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
എങ്കിലും, വിഷയം രമ്യമായി പരിഹരിക്കണമെന്ന് നിർദ്ദേശിച്ച കോടതി, എല്ലാ കക്ഷികളും തുടർനടപടി ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഹർജി തീർപ്പാക്കുകയായിരുന്നു. ഹിജാബ് ധരിച്ച കുട്ടിയെ പ്രവേശിപ്പിക്കാത്ത സ്കൂൾ നടപടിയിൽ വീഴ്ച കണ്ടെത്തി എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ വിദ്യാർത്ഥിക്കുവേണ്ടി പിതാവും ഹർജിയിൽ കക്ഷി ചേരുകയായിരുന്നു.