കൊച്ചി : പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷമായ വിമർശനവുമായി കത്തോലിക്കാ കോൺഗ്രസ്. വിവേകത്തോട് നിലപാടുകൾ സ്വീകരിക്കണം എന്നാണ് ഇവർ പറഞ്ഞത്. (Hijab Controversy in School)
ഫാ. ഫിലിപ്പ് കവിയിൽ പറയുന്നത് വിദ്യാഭ്യാസ മന്ത്രിയുടേത് വിവേകരഹിതമായ പ്രസ്താവനകളാണ് എന്നാണ്. ഇത് വിഷയം വഷളാകാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശ്നപരിഹാര സാധ്യത തെളിഞ്ഞതിനു ശേഷം മന്ത്രി പ്രസ്താവന ഇറക്കിയെന്നും, ക്രൈസ്തവ സ്ഥാപനങ്ങളിൽ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ നോക്കിയിരിക്കില്ലെന്നും, ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും കത്തോലിക്കാ കോൺഗ്രസ് അറിയിച്ചു.
സ്‌കൂൾ തലത്തിൽ സമവായം ഉണ്ടെങ്കിൽ നല്ലതെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അത് അവിടെ തീരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഠനം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും, മാനേജ്മെന്‍റിനോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു. രക്ഷിതാവ് പഴയ സ്റ്റാൻഡിൽ നിന്ന് മാറിയിട്ടുണ്ട് എന്നും, രക്ഷിതാവിന് പ്രശ്നമില്ല എന്നും പറഞ്ഞ അദ്ദേഹം, ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ല എന്നും പ്രതികരിച്ചു.