
സയന്‍സിന്റെ വിസ്മയ ലോകം ആഘോഷമാക്കി ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന സയന്‍സ് ഫെസ്റ്റില്‍ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം. ഇന്നലെ മാളില്‍ ആരംഭിച്ച സയന്‍സ്‌ഫെസ്റ്റില്‍ അറിവിന്റെ അത്ഭുത ലോകം തുറക്കാന്‍ പരസ്പരം സംവദിച്ചും സെന്‍സറുകളും റോബോട്ടിക്‌സും അടക്കമുള്ള വിവിധ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് ഉപകരണങ്ങളും കാറുകളും പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് കുട്ടികള്‍ക്ക് അടുത്തറിയാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ലേസര്‍ സെന്‍സര്‍, അള്‍ട്രാ സോണിക് ഡിസ്റ്റന്‍സ് സെന്‍സര്‍, സൗണ്ട് ഡിസ്ട്രാക്ഷന്‍ സെന്‍സര്‍, ടച്ച് ആന്‍ഡ് സൗണ്ട് സെന്‍സര്‍, ഇന്‍ട്രാ റെഡ് സെന്‍സര്‍, വാട്ടര്‍ ഡിറ്റക്ഷന്‍ സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും എല്‍.ഇ.ഡി ലൈറ്റ്, വിവിധ മോട്ടറുകള്‍, ബ്രഡ് ബോര്‍ഡ്, ബാറ്ററി, ജമ്പറുകള്‍ തുടങ്ങിയവയും കുട്ടികള്‍ക്ക് അടുത്തറിയാനും അവ പ്രവര്‍ത്തിപ്പിച്ച് പരിചയപ്പെടാനും കഴിയും.
പൂര്‍ണമായും സൗജന്യ രജിസ്‌ട്രേഷനുകളിലൂടെ നടത്തുന്ന പരിപാടിയില്‍ ഇന്നലെ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തമുണ്ടായി. നൂറോളം കുട്ടികളാണ് ഫെസ്റ്റിന്റെ ഭാഗമായ സ്റ്റാളില്‍ പങ്കെടുക്കുകയും വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത് ടെക്ക് ഗ്രീറ്റിങ്ങ് കാര്‍ഡ് ഉണ്ടാക്കുകയും ചെയ്തത്. ഏറ്റവും നന്നായി പ്രകടനം നടത്തിയ കുട്ടികള്‍ക്ക് ഡൂഡ്‌ലിങ്ങ് ബുക്ക് സമ്മാനമായി നല്‍കുകയും പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കേറ്റ് നല്‍കുകയും ചെയ്തു. മേക്കര്‍ മസ്തി എന്ന എഡ്യൂടെയ്‌മെന്റ് കമ്പനിയുമായി ചേര്‍ന്ന നടത്തുന്ന സയന്‍സ് ഫെസ്റ്റ് ഒക്ടോബര്‍ 26 വരെ തുടരും. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10ന് മുതല്‍ രാത്രി പത്ത് വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി 8 വരെയുമാണ് സയന്‍സ് ഫെസ്റ്റ് നടക്കുക.
വിവിധ സ്റ്റാളുകളില്‍ സെന്‍സറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകള്‍, മോട്ടറും ബാറ്ററിയും പ്ലാസ്റ്റിക് ഗിയറുകളും ഉപയോഗിച്ച് കാറുകള്‍ ഉണ്ടാക്കാനുള്ള അവസരം, വിവിധ സെന്‍സറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍, റിമോട്ട് കണ്ട്രോള്‍ കാറുകള്‍, മെറ്റാ ഷോട്ട്‌സ് ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കാനുള്ള അവസരം, ഡിജിറ്റല്‍ ഗ്രീറ്റിങ്ങ് കാര്‍ഡ് നിര്‍മാണത്തിനുള്ള വര്‍ക്ക് ഷോപ്പ് തുടങ്ങിയ ഒട്ടേറെ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.