'ഉന്നത വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക്, സമാനതകളില്ലാത്ത വികസനമാണ് നടന്നത്': മുഖ്യമന്ത്രി പിണറായി വിജയൻ | CM

ഗവർണർ, ശശി തരൂർ എം പി എന്നിവരും സന്നിഹിതരായിരുന്നു.
'ഉന്നത വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക്, സമാനതകളില്ലാത്ത വികസനമാണ് നടന്നത്': മുഖ്യമന്ത്രി പിണറായി വിജയൻ | CM
Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. മാർ ഇവാനിയോസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.(Higher education sector has reached international standards, CM Pinarayi Vijayan)

കഴിഞ്ഞ പത്ത് വർഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങളിലും അക്കാദമിക തലത്തിലും സമാനതകളില്ലാത്ത വികസനമാണ് നടന്നത്. 200 കോടി രൂപയുടെ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ, നാലുവർഷ ബിരുദ കോഴ്സുകൾ, മികച്ച ഗവേഷണ പുരസ്‌കാരങ്ങൾ, സ്‌കോളർഷിപ്പുകൾ എന്നിവ ഇതിന്റെ ഭാഗമായി നടപ്പിലാക്കി. 1949-ൽ കേവലം 145 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ കോളേജ് ഇന്ന് കേരളത്തിലെ മികച്ച കലാലയങ്ങളിൽ ഒന്നാണ്. എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ രാജ്യത്തെ മികച്ച 100 കോളേജുകളിൽ 36-ാം സ്ഥാനം നേടിയത് ഈ മികവിന്റെ തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു.

ശാന്തിനികേതനിലെ ചിന്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപീകരിച്ച ഈ കലാലയം മതേതരത്വത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പ്രതീകമാണ്. നാടിന്റെ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ ചെറുക്കാനുള്ള സാമൂഹ്യബോധം ഇത്തരം ഇടങ്ങളിൽ നിന്ന് വളരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-കായിക മേഖലകളിൽ മുദ്ര പതിപ്പിച്ച ഒട്ടേറെ പ്രമുഖരെ വാർത്തെടുത്ത ക്യാമ്പസാണിത്. സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള അറിവും സാമൂഹ്യ ഉത്തരവാദിത്വവും പകർന്നു നൽകുന്നതിൽ കോളേജ് മാതൃകാപരമായ പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കതോലിക്കാബാവ അധ്യക്ഷത വഹിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ശശി തരൂർ എം.പി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നിർമ്മിക്കുന്ന റിസർച്ച് സെന്ററിന്റെ ശിലാസ്ഥാപനവും ചടങ്ങിൽ നടന്നു.

Related Stories

No stories found.
Times Kerala
timeskerala.com