തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ടുള്ള അതിവേഗ റെയിൽപ്പാതയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകൾക്കിടെ, രാഷ്ട്രീയ ചേരിതിരിവുകൾ ഇല്ലാതെ പദ്ധതിക്ക് പിന്തുണയേറുന്നു. സിൽവർ ലൈനിനെതിരെ നടന്ന 'മഞ്ഞക്കുറ്റി' സമരങ്ങൾ ചരിത്രമാകവെ, ഇ. ശ്രീധരന്റെ ബദൽ നിർദ്ദേശത്തിന് കേന്ദ്രം പച്ചക്കൊടി കാട്ടുന്നതാണ് ഈ മാറ്റത്തിന് പിന്നിൽ.(High speed track is coming, Are the ruling and opposition parties united? )
പേര് മാറ്റിയാലും കേരളത്തിന് ഒരു വേഗപ്പാത അത്യാവശ്യമാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എം.വി. ഗോവിന്ദനടക്കമുള്ള നേതാക്കൾ കരുതലോടെയാണെങ്കിലും പദ്ധതിയെ സ്വാഗതം ചെയ്യുന്നു.
സിൽവർ ലൈനിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പുതിയ അതിവേഗ പാത വരട്ടെ എന്ന നിലപാടിലാണ്. മുൻപത്തെ പദ്ധതിയിലെ അശാസ്ത്രീയതയും ഡി.പി.ആറിലെ സുതാര്യതക്കുറവുമാണ് തങ്ങൾ എതിർത്തതെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.
പുതിയ പാതയ്ക്ക് സിൽവർ ലൈനിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടി വരൂ. ഇത് ജനകീയ പ്രതിഷേധങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് ശ്രീധരൻ കരുതുന്നത്. പദ്ധതിയുടെ ഡി.പി.ആർ ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഡി.എം.ആർ.സി ഉടൻ കടക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്ര പ്രഖ്യാപനമുണ്ടാകുമെന്നാണ് ഇ. ശ്രീധരൻ നൽകുന്ന സൂചന.