LDL cholesterol: ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍; അറിയേണ്ടതെല്ലാം

LDL cholesterol
Published on

ഹൃദയസ്തംഭനം പോലെ, ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരികയാണ്. നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ യുവാക്കളില്‍ കൂടുതലായി കാണപ്പെടുന്നുവെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തുണ്ടാകുന്ന ആകെ മരണങ്ങളുടെ ഏകദേശം 7.8 ശതമാനവും ഹൃദ്രോഗങ്ങളാലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവയില്‍ പലതിനും പുറകില്‍ ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തന്നെയാണ്. ഹൃദയ ധമനികളില്‍ ബ്ലോക്കുണ്ടാക്കുന്നിലും അതിരോസ്‌ക്ലീറോസിസ്, സ്ട്രോക്ക് തുടങ്ങിയ രോഗാവസ്ഥകള്‍ക്കും പ്രധാന കാരണം ഇതുതന്നെയാണ്.

അതിരോസ്‌ക്ലീറോസിസ് ഉണ്ടാകുവാന്‍ എല്‍ഡിഎല്‍ കോളസ്‌ട്രോള്‍ പ്രധാന കാരണമായേക്കാം. രക്തത്തിലെ എല്‍ഡിഎല്‍ നിരക്ക് പ്രാഥമികമായും പാരമ്പര്യവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ വ്യക്തിയുടെ ഡയറ്റും വ്യായാമ ശീലങ്ങളും ഇതില്‍ ചെറിയൊരു പങ്ക് വഹിക്കുന്നുണ്ട്. രക്തധമനികളില്‍ എല്‍ഡിഎല്‍സി അടിഞ്ഞുകൂടുകയും അതുവഴിയുണ്ടാകുന്ന ബ്ലോക്കുകള്‍ കൊറോണറി, സെറിബ്രല്‍ ധമനികള്‍ ഉള്‍പ്പെടെയുള്ളവയിലെ രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഒരു ഹൃദയാഘാതമോ സ്‌ട്രോക്കോ സംഭവിക്കുന്നത് വരെ യാതൊരു ലക്ഷണങ്ങളും കാണിക്കുകയില്ല എന്നതാണ് എല്‍ഡിഎല്‍സിയെ സംബന്ധിച്ചുള്ള ഏറ്റവും അപകടകരമായ കാര്യം. ചികിത്സ വൈകുവാനും അപകട സാധ്യത ഉയര്‍ത്തുവാനും ഇത് കാരണമാകുന്നു. അതിനാല്‍ത്തന്നെ രക്തത്തിലെ ലിപിഡ് പ്രൊഫൈല്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ്. എല്‍ഡിഎല്‍സി നിരക്കില്‍ വ്യത്യാസമുണ്ടെങ്കില്‍ ചികിത്സ തേടേണ്ടതുമുണ്ട്. ചികിത്സ കൃത്യമായി പിന്തുടരേണ്ടത് സുസ്ഥിര ആരോഗ്യത്തിനും ഭാവിയില്‍ ഹൃദ്രോഗങ്ങളോ സ്‌ട്രോക്കോ ഉണ്ടാകുവാനുള്ള സാധ്യത തടയുവാനും സുപ്രധാനമാണ് - വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. ആനന്ദ് കുമാര്‍ പറഞ്ഞു.

യൂറോപ്യന്‍ ജനതയുമായി താരമത്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാരില്‍ പൊതുവേ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഉയര്‍ന്ന നിരക്കിലും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കുറഞ്ഞും കാണപ്പെടുന്നു. ഇക്കാരണങ്ങളാലാണ് 18 വയസ്സ് മുതല്‍ തന്നെ കൊളസ്ട്രോള്‍ പരിശോധന ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. നേരത്തേ പരിശോധനകള്‍ നടത്തുന്നത് വലിയ അപകടങ്ങളുണ്ടാകെ മുന്‍കരുതലുകളെടുക്കുവാന്‍ സഹായിക്കും. പുറമേ മറ്റ് പ്രയാസങ്ങളൊന്നും പ്രകടമാക്കാത്ത വ്യക്തികളില്‍ പോലും ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഉണ്ടായേക്കാം.

ആരോഗ്യകരമായ ഭക്ഷണശീലവും, വ്യായാമവും ഉള്‍പ്പെടെയുള്ള ചിട്ടയായ ജീവിത ശൈലി ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും അത് മാത്രം മതിയാവുകയില്ല. എല്‍ഡിഎല്‍സി നിരക്ക് അവശ്യമായതില്‍ നിന്നും വ്യത്യസ്തമാണെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടേണ്ടതും ആവശ്യമായ മരുന്നുകള്‍ ഉപയോഗിക്കേണ്ടതുമാണ്.

ഓരോ രോഗിയിലും ചികിത്സ വ്യത്യസ്ത രീതിയിലായിരിക്കും. അതായത് വ്യക്തിയുടെ പ്രായം, പാരമ്പര്യ ഘടകങ്ങള്‍, ഡയബറ്റിസ് നിരക്ക്, നേരത്തേയുള്ള ഹൃദ്രോഗം തുടങ്ങിയവയെല്ലാം എല്‍ഡിഎല്‍സി നിരക്കിനെ സ്വാധീനിക്കും. എന്നാല്‍ ഇന്ത്യയില്‍ ചികിത്സ ആരംഭിച്ച 60 ശതമാനം പേരും പകുതിയില്‍ ചികിത്സ ഉപേക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുവാന്‍ മാത്രമേ കാരണമാകൂ. വീണ്ടും എല്‍ഡിഎല്‍ഡി ഉയര്‍ന്ന നിരക്കിലേക്ക് കുതിക്കുകയാണ് ഇതുവഴിയുണ്ടാവുക.

സമ്മര്‍ദം, ഉറക്കക്കുറവ്, മെറ്റബോളിക് പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം എല്‍ഡിഎല്‍സി നിരക്കിനെ സ്വാധീനിച്ചേക്കാം. കൃത്യ സമയങ്ങളില്‍ ഇവ പരിശോധിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഇന്‍ഫ്ളമേഷനുണ്ടാകുകയും ശരീരം കൂടുതല്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കാന്‍ അത് കാരണമാവുകയും ചെയ്യും. ഹൃദയസ്തംഭനമോ സ്ട്രോക്കോ ആയിരിക്കും പരിണിത ഫലം.

PCSK9 തെറാപ്പി, siRNA തെറാപ്പി തുടങ്ങിയ ചികിത്സാ രീതികള്‍ ഏറെ പ്രയോജനകരമാണ്. ഇതുവഴി LDLC നിരക്ക് കൃത്യമായി നിലനിര്‍ത്തുവാന്‍ സാധിക്കും. ശ്രദ്ധിക്കുക, എല്‍ഡിഎല്‍ കോളസ്ട്രോള്‍ നിങ്ങള്‍ക്ക് ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല, അതിനാല്‍ ഉടന്‍ തന്നെ പരിശോധന നടത്തി ആവശ്യമെങ്കില്‍ ചികിത്സ തേടുക എന്നതാണ് പ്രധാനം.

Related Stories

No stories found.
Times Kerala
timeskerala.com