
വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണ്‍ കണക്ഷനുകള്‍ ജില്ലയില്‍ വര്‍ധിക്കുന്നു. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നുവെന്ന നിലയിലാണ് കെഫോണ്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ കെഫോണ്‍ പദ്ധതി വഴി 7637 കണക്ഷനുകള്‍ ഇതിനോടകം നല്‍കി. ജില്ലയില്‍ ഇതുവരെ 3563.913 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്. കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ടവറുകളിലൂടെ 136.913 കിലോ മീറ്റര്‍ ഒപിജിഡബ്യു കേബിളുകളും, 3427 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളുകള്‍ കെഎസ്ഇബി പോസ്റ്റുകള്‍ വഴിയുമാണ് സ്ഥാപിച്ചിട്ടുള്ളത്.
ജില്ലയില്‍ 2702 സര്‍ക്കാര്‍ ഓഫീസുകള്‍ ഇപ്പോള്‍ കെഫോണ്‍ നെറ്റ്വര്‍ക്കാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സെക്രട്ടേറിയറ്റിലെ എല്ലാ ഓഫീസുകളും 2024 ജൂണ്‍ മുതല്‍ നിയമസഭയിലും കെഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമേ വിവിധ സര്‍ക്കാര്‍ വകുപ്പ് ഓഫീസുകള്‍, എന്‍.എച്ച്.എം, ടെക്‌നോപാര്‍ക്ക്, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, എല്ലാ കലക്ടറേറ്റുകളും, തിരുവനന്തപുരം നഗരസഭയും എല്ലാ സോണല്‍ ഓഫീസുകളും, ഐ.സി.ടി അക്കാദമി, അനേര്‍ട്ട്, ഐ.കെ.എം, കേരളാ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, കിഫ്ബി, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഐ.ഡി.സി, കേരളാ സ്റ്റേറ്റ് ഐ.ടി മിഷന്‍, സ്റ്റേറ്റ് ഡേറ്റ സെന്റര്‍, സ്പെയ്സ് പാര്‍ക്ക്, ഐ.സി.എഫ്.ഒ.എസ്, കെ.എസ്.ഐ.ടി.എല്‍, ഡയറക്ടറേറ്റ് ഓഫ് എന്‍.സി.സി, സി-ഡിറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലും കഴിഞ്ഞ ഒരു വര്‍ഷമായി കെഫോണ്‍ കണക്ഷന്‍ ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ലക്ഷ്യമിട്ട് കെഫോണ്‍ നടത്തുന്ന കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ് പദ്ധതിയുടെ ഭാഗമായി കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളില്‍ 103 വീടുകള്‍ക്ക് കെഫോണ്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞു.
ജില്ലയില്‍ ആകെ 867 ബിപിഎല്‍ വീടുകളിലാണ് കെഫോണ്‍ കണക്ഷനുള്ളത്. 3961 വാണിജ്യ കണക്ഷനുകളും ജില്ലയില്‍ നല്‍കി. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 218 ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ ഇതിനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കണക്ഷനുകള്‍ക്ക് വേണ്ടി പുതിയ രജിസ്ട്രേഷനുകളും വരുന്നുണ്ട്. 53 ഐ.എല്‍.എല്‍ കണക്ഷനും 41 എസ്.എം.ഇ കണക്ഷനുകളും ജില്ലയില്‍ നല്‍കി. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ 'എന്റെ കെഫോണ്‍' എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം.