കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേൾക്കും.
കേസിലെ മൂന്നാംപ്രതിയാണ് നടി. കേസിലെ മറ്റ് മൂന്ന് പ്രതികളെ പോലീസ് നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മി മേനോനായി പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അനീഷ്, മിഥുന്‍, സോനമോള്‍ എന്നിവരാണ് അറസ്റ്റിലയത്.
ഈ മാസം 24 ന് നഗരത്തിലെ ബാറില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കലാശിച്ചത്. ലക്ഷ്മി മേനോനും ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളും കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് ഉപേക്ഷിച്ചെന്നാണ് ഐടി ജീവനക്കാരനായ യുവാവിന്‍റെ പരാതി.
എന്നാൽ പരാതിക്കാരന്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നും തന്റെ ഭാഗത്ത് നിന്നും പരാതിയില്‍ പറയുന്ന തരത്തിലുള്ള തെറ്റുകള്‍ സംഭവിച്ചിട്ടില്ലെന്നും ലക്ഷ്മി മേനോന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. പരാതിക്കാരന്‍ ബാറില്‍വെച്ച് തനിക്കെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, ബാറില്‍നിന്ന് ഇറങ്ങിയശേഷം പരാതിക്കാരന്‍ തന്നെ മറ്റൊരു കാറില്‍ പിന്തുടര്‍ന്നിരുന്നു എന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു.