

കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.ഐ.എം. നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് വിട്ടുനൽകാനുള്ള ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശ ലോറൻസ് നൽകിയ പുനഃപരിശോധനാ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി.(High Court rejects daughter's review petition, says MM Lawrence's body can be used for research purposes)
എം.എം. ലോറൻസ് 2024 സെപ്റ്റംബർ 21-നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുനൽകിയത് മകൻ എം.എൽ. സജീവനാണ്. ഇതിനെതിരെയാണ് മകൾ ആശാ ലോറൻസ് നിയമപോരാട്ടം ആരംഭിച്ചത്.
മൃതദേഹം പഠനാവശ്യത്തിന് വിട്ടുനൽകാനുള്ള തീരുമാനത്തെ ചോദ്യം ചെയ്താണ് ആശാ ലോറൻസ് ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളി.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, സുപ്രീം കോടതിയും ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു.
ഇതിനെത്തുടർന്നാണ്, "തനിക്ക് സ്വർഗ്ഗത്തിൽ പോയി യേശുവിനെ കാണണമെന്നും മകൾ പറയുന്നിടത്ത് സംസ്കരിക്കണമെന്നും" ലോറൻസ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദ സന്ദേശം സഹിതം മകൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഡിവിഷൻ ബെഞ്ച് ഈ പുനഃപരിശോധനാ ഹർജിയും തള്ളുകയായിരുന്നു. ഇതോടെ, എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകാനുള്ള നിയമപരമായ നടപടികൾ പൂർത്തിയായി.