

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിന്റെ ആരോഗ്യനില പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചു. ശങ്കരദാസിന്റെ അസുഖം സംബന്ധിച്ച വിശദമായ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
പ്രതിയെ ജയിലിൽ പാർപ്പിച്ചുകൊണ്ട് തന്നെ ആവശ്യമായ ചികിത്സകൾ തുടരാൻ സാധിക്കുമോ എന്ന് മെഡിക്കൽ ബോർഡ് പരിശോധിക്കണം.മെഡിക്കൽ ബോർഡിന്റെ പരിശോധനാ ഫലം എത്രയും വേഗം കൈമാറണമെന്നും കോടതി വ്യക്തമാക്കി.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് കാവലിൽ ചികിത്സയിലാണ് ശങ്കരദാസ്. നേരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും ശ്രീകോവിലിലെ കട്ടിളപ്പാളിയിലുമുള്ള സ്വർണ്ണം കവർന്ന കേസുകളിൽ പതിനൊന്നാം പ്രതിയാണ് കെ.പി. ശങ്കരദാസ്. ദേവസ്വം ബോർഡ് അംഗമായിരുന്ന കാലയളവിൽ സ്വർണ്ണപ്പണികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഇദ്ദേഹം വഴിവിട്ട് ഇടപെട്ടതായും അഴിമതിക്ക് കൂട്ടുനിന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശങ്കരദാസിനെതിരെയും ഹൈക്കോടതി കർശന നിലപാട് സ്വീകരിക്കുന്നത് അന്വേഷണ സംഘത്തിന് ആശ്വാസകരമാണ്.