കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ഈ മാസം 20-നുള്ളിൽ ജില്ലാ കളക്ടർ അന്തിമ തീരുമാനം എടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിനെതിരെ വൈഷ്ണ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.(High Court orders Collector to take decision on Vaishna's petition within 20 days)
വൈഷ്ണക്കെതിരെ പരാതി നൽകിയ സി.പി.എം. നടപടിയെ ഹൈക്കോടതി വിമർശിച്ചു."അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇത്. ഒരു യുവ സ്ഥാനാർത്ഥി മത്സരിക്കാൻ വരുമ്പോൾ ഇങ്ങനെയാണോ കാണിക്കേണ്ടത്?" കോടതി ചോദിച്ചു. സാങ്കേതികത്വത്തിൻ്റെ പേരിൽ 24 വയസ്സുള്ള ഒരു കുട്ടിയെ മത്സരിപ്പിക്കാതിരിക്കരുത് എന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
കേസിൽ കക്ഷി ചേരണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ ആവശ്യപ്പെട്ടപ്പോൾ, "കോർപ്പറേഷന് ഇതിൽ എന്താണ് കാര്യം? കോർപ്പറേഷൻ അനാവശ്യമായി ഇടപെടരുത്" എന്നും കോടതി ഓർമ്മിപ്പിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാരിയും പരാതിക്കാരനും നാളെ ജില്ലാ കളക്ടർക്ക് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം മുട്ടട വാർഡിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയും കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്‍റുമാണ് വൈഷ്ണ സുരേഷ്.
വോട്ടർ പട്ടികയിൽ പേര് ചേർത്തപ്പോൾ അപേക്ഷയിൽ വീട്ട് നമ്പർ തെറ്റായി നൽകിയതാണ് വൈഷ്ണയ്ക്ക് തിരിച്ചടിയായത്. അന്തിമ വോട്ടർ പട്ടികയിലും സപ്ലിമെന്‍ററി പട്ടികയിലും വൈഷ്ണയുടെ പേരില്ലായിരുന്നു. സപ്ലിമെന്‍ററി ലിസ്റ്റിൽ പേരില്ലാത്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കോൺഗ്രസ് വാദം. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.