തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ദേശീയപാതയിലെ ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ല എന്നാണ് ഹർജിക്കാരൻ്റെ പ്രധാന വാദം. ഗതാഗതം സുഗമമാക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്ന സുപ്രീംകോടതിയുടെ മുൻ ഉത്തരവുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഓഗസ്റ്റ് ആറിന് ടോൾ പിരിവ് വിലക്കിയത്.ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ടോൾ പിരിവിന് അനുമതി നൽകിയതിനെ തുടർന്ന് 71 ദിവസത്തെ വിലക്കിന് ശേഷം ഒക്ടോബർ 17-നാണ് പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചത്.
ടോൾ വിലക്കിന് പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഹൈക്കോടതി മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു.ചിലയിടങ്ങളിൽ ഇപ്പോഴും പ്രശ്നങ്ങളുണ്ടെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ദേശീയപാത അതോറിറ്റിയെക്കൂടി പരിഗണിച്ചാണ് ടോൾ വിലക്ക് നീക്കാൻ ഹൈക്കോടതി തീരുമാനമെടുത്തത്.പുതുക്കിയ ടോൾ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.