

കൊച്ചി: മന്ത്രിമാർക്കെതിരെയുള്ള കൈക്കൂലി ആരോപണങ്ങളിൽ വസ്തുതകളെ അടിസ്ഥാനമാക്കി സമഗ്രമായ പരിശോധനയാണ് ആദ്യം നടത്തേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആരെങ്കിലും ആരോപണം ഉന്നയിച്ചു എന്നതുകൊണ്ടുമാത്രം കേസ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.(High Court on bribery allegations against ministers)
മന്ത്രിമാർക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതുകൊണ്ട് മാത്രം കേസ് നിലനിൽക്കില്ല. മന്ത്രിമാരോടോ ഉന്നത ഉദ്യോഗസ്ഥരോടോ വിദ്വേഷമുള്ള ആർക്കും കൈക്കൂലി ആരോപണം ഉന്നയിക്കാൻ സാധിക്കും. അതിനാൽ വസ്തുതകളുടെ സമഗ്ര പരിശോധന അനിവാര്യമാണ്.
2005-ൽ യുഡിഎഫ് ഭരണകാലത്ത് അടൂർ പ്രകാശ് ഭക്ഷ്യവകുപ്പ് മന്ത്രിയായിരിക്കെ റേഷൻ ഡിപ്പോ അനുവദിക്കാനായി കോഴിക്കോട് സ്വദേശിയിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതായിരുന്നു കേസ്.
ഈ റേഷൻ ഡിപ്പോ കൈക്കൂലി കേസിൽ മുൻ മന്ത്രി അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള വിധിയോടൊപ്പമാണ് ഹൈക്കോടതി ഈ സുപ്രധാന പരാമർശം നടത്തിയത്. ഉന്നത സ്ഥാനങ്ങളിലുള്ളവർക്കെതിരായ ആരോപണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിയമപരമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ മാത്രമേ മുന്നോട്ട് പോകാനാകൂ എന്ന് ഈ നിരീക്ഷണത്തിലൂടെ ഹൈക്കോടതി ഊന്നിപ്പറയുന്നു.