കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാൻ ഭാര്യയ്ക്ക് അനുമതി നൽകി കേരള ഹൈക്കോടതി. സ്വന്തം കുഞ്ഞിന് ജന്മം നൽകണമെന്ന യുവതിയുടെ ആഗ്രഹം കണക്കിലെടുത്ത് ജസ്റ്റിസ് എം.ബി. സ്നേഹലതയാണ് ചരിത്രപരമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.(High Court grants permission to wife to collect and store sperm of brain-dead man)
ഭർത്താവിന്റെ ബീജം ശേഖരിക്കാനും അത് ശീതീകരിച്ച് സൂക്ഷിക്കാനും മാത്രമാണ് നിലവിൽ കോടതി അനുമതി നൽകിയിരിക്കുന്നത്. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി നിയമപ്രകാരം ബീജം ശേഖരിക്കാൻ ഭർത്താവിന്റെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. എന്നാൽ മസ്തിഷ്കമരണം സംഭവിച്ച സാഹചര്യത്തിൽ ഇത് അസാധ്യമാണെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു.
നടപടികൾ വൈകിയാൽ ഭർത്താവിന്റെ പിതൃത്വത്തിനുള്ള സാധ്യത എന്നേക്കുമായി നഷ്ടപ്പെടുമെന്ന യുവതിയുടെ വാദം കോടതി അംഗീകരിച്ചു. അംഗീകൃത എ.ആർ.ടി ക്ലിനിക്കുകൾ വഴി മാത്രമേ ബീജം ശേഖരിക്കാവൂ. ഗർഭധാരണം ഉൾപ്പെടെയുള്ള തുടനടപടികൾക്ക് കോടതിയുടെ പ്രത്യേക അനുമതി തേടണം. ചിക്കൻപോക്സിനെത്തുടർന്ന് ‘സെറിബ്രൽ വീനസ് ത്രോംബോസിസ്’ ബാധിച്ചാണ് ഹർജിക്കാരിയുടെ ഭർത്താവിന് മസ്തിഷ്കമരണം സംഭവിച്ചത്.

