ഡാറ്റാബാങ്ക് പരിഗണിക്കാതെ ഭൂമി തരം മാറ്റാനുള്ള അപേക്ഷ തള്ളി: തിരൂർ RDOയ്ക്ക് ഹൈക്കോടതി പിഴയിട്ടു | RDO

നാലാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനും കോടതി ഉത്തരവിട്ടു.
High Court fines Tirur RDO for rejecting application to change land category without considering databank
Published on

കൊച്ചി: ഭൂമി തരംമാറ്റൽ അപേക്ഷയിൽ ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന വസ്തുത പരിഗണിക്കാതെ അപേക്ഷ നിരസിച്ചതിന് തിരൂർ റവന്യൂ ഡിവിഷൻ ഓഫീസർക്ക് (ആർഡിഒ) ഹൈക്കോടതി 10,000 രൂപ പിഴ ചുമത്തി. മലപ്പുറം പൊന്നാനി സ്വദേശി എ.ബി. സുജയ്യയുടെ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്.(High Court fines Tirur RDO for rejecting application to change land category without considering databank)

പൊന്നാനി വട്ടക്കുളം വില്ലേജിൽ ഹർജിക്കാരിയുടെ ഭർത്താവിന് 12 സെന്റിലധികം സ്ഥലമുണ്ട്. ഇവിടെ പതിറ്റാണ്ടുകൾക്ക് മുമ്പ് കെട്ടിടം നിർമ്മിച്ചതാണ്. ഈ ഭൂമി തരംമാറ്റുന്നതിന് നൽകിയ അപേക്ഷ ആർഡിഒ തള്ളി. ഇതിനെതിരെ ഹർജിക്കാരി കളക്ടർക്ക് അപ്പീൽ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി നിർദ്ദേശപ്രകാരം കളക്ടർ അപേക്ഷ വീണ്ടും ആർഡിഒയ്ക്ക് കൈമാറി. എന്നാൽ, ഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാതെ ആർഡിഒ വീണ്ടും അപേക്ഷ നിരസിച്ചു.

വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ സ്ഥലം ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയതും, സമീപ സ്ഥലങ്ങൾ തരംമാറ്റാൻ ആർഡിഒ നേരത്തെ അനുമതി നൽകിയിരുന്നതും ഹർജിക്കാരി കോടതിയിൽ ചൂണ്ടിക്കാട്ടി.

നിഷേധാത്മകമായ സമീപനം കാരണമാണ് ഹർജിക്കാരിക്ക് കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ആർഡിഒയ്ക്ക് പിഴ ചുമത്തിയത്. ആർഡിഒ സ്വന്തം കൈയിൽ നിന്ന് ഈ തുക ഹർജിക്കാരിക്ക് നേരിട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ, അപേക്ഷയിൽ നാലാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനും കോടതി ഉത്തരവിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com