പത്തനംതിട്ട: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണമെന്നും വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.തിങ്കളാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മണ്ഡലം മകരവിളക്ക് സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് ചോദിച്ച കോടതി.കൂടുതല്‍ സ്‌പോട്ട് ബുക്കിങ് വരുന്നത് തിരക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥയുണ്ടാക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഹൈക്കോടതി നടപടി.
വെർച്വൽ ബുക്കിംഗിലും ഇനി വിട്ട് വീഴ്ച പാടില്ലെന്നാണ് കോടതിയുടെ നിര്‍ദേശം. ഷെഡ്യൂൾ സമയത്തിന് 6 മണിക്കൂർ മുമ്പും 18 മണിക്കൂറിന് ശേഷവും മാത്രമാകും അനുമതി.ഈ സമയപരിധിക്കപ്പുറമുള്ള വെർച്വൽ ക്യു ബുക്കിംഗും ഇനി അംഗീകരിക്കില്ല. വെർച്വൽ ക്യു ടിക്കറ്റുള്ള എല്ലാ ഭക്തർക്കും അനുമതി നൽകുന്നതാണ് തിരക്ക് അനിയന്ത്രിതമായി കൂടാൻ കാരണം. ഒരു ദിവസം 75,000 പേർക്ക് മാത്രമാകും ഇനി മല കയറാൻ അനുമതി.
പതിനെട്ടാം പടിയിൽ അനുഭവപരിചയമുള്ള പൊലീസുകാരെ വിന്യസിക്കണമെന്നും കേന്ദ്രസേനയെ എത്തിക്കാൻ കളക്ടർ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കാനനപാതയിലും നിയന്ത്രണമുണ്ട്. ഇതുവഴി വരുന്ന അയ്യപ്പഭക്തന്മാരുടെ എണ്ണവും അയ്യായിരമാക്കി ഹൈക്കോടതി ചുരുക്കി. കാനനപാതവഴി ഇത്രയും ഭക്തന്മാരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദേശം. ഇതിനായി പ്രത്യേക പാസ് വനംവകുപ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഇന്നലെ സന്നിധാനത്ത് വലിയരീതിയിലുള്ള തിരക്കുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതൽ തിരക്ക് നിയന്ത്രണാതീതമായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം ദര്‍ശന സമയവും നീട്ടിയിരുന്നു. ആവശ്യത്തിന് സൗകര്യമില്ലാതെ തീര്‍ത്ഥാടകര്‍ വലഞ്ഞിരുന്നു. നിരവധി പേര്‍ ദര്‍ശനം കിട്ടാതെ മടങ്ങിയ സംഭവമുണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയിരുന്നെങ്കിലും തിരക്ക് കുറഞ്ഞിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് നിയന്ത്രണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ ഏറെക്കുറെ നിയന്ത്രണവിധേയമായത്.