

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ. വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ സർക്കാരിനും ദേവസ്വം ബോർഡിനും നേരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശ്രീകോവിലിന്റെ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് സ്ഥിരീകരിക്കുന്ന രേഖകളുണ്ടോ എന്ന് കോടതി ആവർത്തിച്ച് ചോദിച്ചു. "യഥാർത്ഥത്തിൽ സ്വർണ്ണപ്പാളികളായിരുന്നോ അവയെന്നത് നിർണ്ണായക ചോദ്യമാണ്. കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ?" എന്നായിരുന്നു ചോദ്യം.(High Court criticizes government in Sabarimala gold theft case)
ശ്രീകോവിലിന്റെ കട്ടിളപ്പാളി 1998-ൽ സ്വർണം പൊതിഞ്ഞതായിരുന്നു എന്നത് സ്ഥിരീകരിക്കാനാവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിനോ കഴിഞ്ഞില്ല. കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതിന് തെളിവായി മൊഴികൾ മാത്രമാണ് ഉള്ളതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
സ്മാർട്ട് ക്രിയേഷൻസിലെ പങ്കജ് ഭണ്ഡാരിയുടെ 'സ്വർണം വേർതിരിച്ചെടുത്തു' എന്ന മൊഴി മാത്രമാണ് സമർപ്പിച്ചത്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ എന്നും, രേഖയില്ലെങ്കിൽ പിന്നെ കേസ് എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു. എന്നാൽ, കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞിട്ടുണ്ടായിരുന്നു എന്ന് ദേവസ്വം ബോർഡ് കോടതിയിൽ ഉറപ്പിച്ചു പറഞ്ഞു.
സ്വർണ്ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പാക്കി, ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം പൂശാൻ കൊടുത്തുവിട്ടു എന്ന കുറ്റത്തിനാണ് എൻ. വാസു ജയിലിൽ കഴിയുന്നത്. തെളിവുകളുടെ അഭാവത്തിൽ കട്ടിളപ്പാളി നേരത്തെ സ്വർണ്ണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളിൽ ഒരിടത്തും പറയുന്നില്ല എന്ന നിലപാടാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ സ്വീകരിച്ചിരിക്കുന്നത്. കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യമാണെന്ന് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞു.
എഫ്.ഐ.ആറിൽ കട്ടിളപ്പാളി മാത്രമാണ് പരാമർശിച്ചതെങ്കിലും, ശിവരൂപം, ആർച്ച്, വ്യാളി, രാശി പ്ലേറ്റ്, ദശാവതാരം എന്നിവയും ഉൾപ്പെട്ടതാണെന്ന വാദമാണ് സർക്കാർ ഉയർത്തിയത്. എന്നാൽ, ഈ റിപ്പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിലോ വിജിലൻസ് കോടതിയിലോ നൽകിയിട്ടില്ലെന്നും, നിലവിൽ എഫ്.ഐ.ആർ. പ്രകാരം കട്ടിളപ്പാളി തന്നെയാണ് പ്രധാന വിഷയം എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയിൽ സ്വർണക്കൊള്ള നടന്ന 2019-ൽ എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമ്മീഷണറായിരുന്ന വാസു 2019 മാർച്ച് 19-ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കേസിൽ മൂന്നാം പ്രതിയാക്കിയത്. പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റായ ശേഷമാണ് സ്വർണ്ണം പൂശൽ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇ-മെയിൽ സന്ദേശം ലഭിച്ചത്.
സ്വർണ്ണം പൂശൽ കഴിഞ്ഞശേഷവും സ്വർണ്ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയിൽ. ഈ മെയിൽ താൻ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്‌തെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമായിരുന്നു വാസുവിന്റെ വിശദീകരണം. എ പത്മകുമാറിൻ്റെ റിമാൻഡ് വീണ്ടും നീട്ടി.