
കൊച്ചി: വിദ്യാർഥികളുടെ ബാഗുകളിലെ മൊബൈൽ ഫോൺ കണ്ടെത്താൻ മിന്നൽ പരിശോധന നടത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്ത സ്കൂൾ പ്രിൻസിപ്പലിന് ഹൈകോടതി അഭിനന്ദിച്ചു. കുട്ടികൾ സ്കൂളിൽ വരുന്നത് ഫോണുമായാണെന്ന സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു വിദ്യാർഥിയുടെ ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളും വിഡിയോയും കണ്ടെത്തുകയും സഹാധ്യാപകർ വിഷയം പൊലീസിൽ അറിയിക്കാൻ മടിച്ചെങ്കിലും പ്രിൻസിപ്പൽ നൽകിയ പരാതിയിൽ പാലക്കാട് ടൗൺ പൊലീസ് 24കാരനെതിരെ കേസെടുക്കുകയും ചെയ്തു.
. കൃത്യമായ രീതിയിൽ കാര്യങ്ങൾ നിർവഹിച്ച പാലക്കാട് എലപ്പുള്ളി സർക്കാർ സ്കൂൾ പ്രിൻസിപ്പൽ മാതൃകാപരമായ പ്രവൃത്തിയാണ് ചെയ്തതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷണൻ അഭിനന്ദിച്ചത്.
യുവാവ് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിക്കാരനെതിരെ ചാർജ് ചെയ്തിരിക്കുന്നത് അഞ്ച് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണെന്നത് കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിച്ചു.