
കൊച്ചി: വഴിതടയൽ സമരവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹരജികൾ പരിഗണിക്കവേ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ കെട്ടിയ ടാർപോളിൻ പന്തൽ പൊളിച്ചുനീക്കിയ പൊലീസ് കണ്ണൂരിൽ വഴിതടഞ്ഞ് പന്തൽകെട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തിൽ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സർക്കാറിന് ഇരട്ട സമീപനമാണോയെന്ന് കോടതി ചോദിച്ചു.
വഞ്ചിയൂരിലടക്കം ഗതാഗതം തടസ്സപ്പെടുത്തി യോഗങ്ങൾ നടത്തിയത് സംബന്ധിച്ച കോടതിയലക്ഷ്യ ഹരജികൾ പരിഗണിക്കവേയാണ് കോടതി ഇത്തരത്തിലൊരു വാക്കാൽ പരാമർശം നടത്തിയത്. ഇത്തരം സംഭവങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസുകളുടെ ചാർട്ട് ഒരാഴ്ചക്കകം ഹാജരാക്കാൻ കോടതി നിർദേശിച്ചു. ചുമത്തിയ വകുപ്പുകളും വ്യവസ്ഥകളുമടക്കം രേഖപ്പെടുത്തി നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്.