

കൊച്ചി: ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് യശ്വന്ത് ഷേണായി ഗുരുതര ആരോപണങ്ങളുമായി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജഡ്ജിമാർക്കിടയിലെ 'യൂണിയൻവൽക്കരണം', ബന്ധുക്കൾ പ്രാക്ടീസ് ചെയ്യുന്നത് തുടങ്ങിയ വിഷയങ്ങൾ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.(High Court Advocates Association President makes serious allegations against judges)
ബാർ അസോസിയേഷൻ വാർഷിക യോഗത്തിൽ നിന്ന് 30-ഓളം ജഡ്ജിമാർ കൂട്ടത്തോടെ വിട്ടുനിന്നു. ഇത് ജഡ്ജിമാർക്കിടയിലെ യൂണിയൻവൽക്കരണമായി ഹൈക്കോടതി അഭിഭാഷകർക്കിടയിൽ അഭിപ്രായമുണ്ട്. ചില ജഡ്ജിമാർ ബാർ അസോസിയേഷന്റെ കാര്യങ്ങളിലടക്കം നേരിട്ട് ഇടപെടുകയാണ്.
ജഡ്ജിമാരുടെ അടുത്ത ബന്ധുക്കൾ ഹൈക്കോടതിയിലടക്കം അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. നേരത്തെ പ്രവർത്തിച്ചിരുന്ന ലോ ഫേമിന് ഒരു ജഡ്ജി ഇപ്പോഴും തൻ്റെ പേര് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നു. ഈ നടപടികൾ ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെ കൂടി പ്രശ്നമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഈ കത്ത് ഹൈക്കോടതി അഭിഭാഷകരുടെ പൊതു നിലപാടല്ലെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. എം. ആർ. നന്ദകുമാർ അറിയിച്ചു. പ്രസിഡൻ്റ് യശ്വന്ത് ഷേണായിയുടെ വ്യക്തിപരമായ നിലപാടാണ് കത്തിൽ അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.